| Wednesday, 16th August 2023, 5:50 pm

കെ.എല്‍. രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തരുത്; പകരമാരെയെന്ന് പറയാതെ ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പ് 2023ന് രണ്ട് ആഴ്ച മാത്രമാണ് ശേഷിക്കുന്നത്. ഗ്രൂപ്പ് എയില്‍ പാകിസ്ഥാനും നേപ്പാളും സ്‌ക്വാഡ് അനൗണ്‍സ് ചെയ്തപ്പോള്‍ ഇന്ത്യ മാത്രമാണ് ഇനിയും തങ്ങളുടെ സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ളത്.

പരിക്കിന് പിന്നാലെ ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബുംറ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ എന്നിവരുടെ കാര്യത്തിലാണ് ഇപ്പോഴും അനിശ്ചിതത്വം ബാക്കിയുള്ളത്. പരിക്കില്‍ നിന്നും പൂര്‍ണമായും മുക്തരാകാത്ത ഇരുവരും സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തയ്യാറാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ഏഷ്യാ കപ്പിനുള്ള സ്‌ക്വാഡില്‍ കെ.എല്‍. രാഹുലിനെ ഉള്‍പ്പെടുത്തരുതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. ഐ.പി.എല്ലിന് ശേഷം ഒരു മത്സരം പോലും കളിക്കാത്ത കെ.എല്‍. രാഹുലിനെ സംബന്ധിച്ച് ഇത് ബുദ്ധിമുട്ടേറിയതാണെന്നാണ് അദ്ദേഹം പറയുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.

‘പരിക്കില്‍ നിന്നും തിരിച്ചുവരുന്ന ഒരു താരം, ഏറെ നാളായി ഒറ്റ മത്സരം പോലും കളിക്കാത്ത ഒരു താരം, അവനെ ഏഷ്യാ കപ്പിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് നിങ്ങള്‍ അവനോട് (കെ.എല്‍. രാഹുല്‍) ആവശ്യത്തിലധികം ആവശ്യപ്പെടുന്നതിന് തുല്യമാണ്.

കൂടാതെ അവനൊരു വിക്കറ്റ് കീപ്പര്‍ കൂടിയാണ്. പരിക്കില്‍ നിന്നും മടങ്ങിയെത്തുന്ന ഒരാളെ ചടുലമായ ധാരാളം മൂവ്‌മെന്റുകളുള്ള ഒരു ജോലിയേല്‍പിക്കാന്‍ പാടില്ല,’ ശാസ്ത്രി പറഞ്ഞു.

ഫോം അടിസ്ഥാനമാക്കി മാത്രമേ രാഹുലിനെയും ശ്രേയസ് അയ്യരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂ എന്ന് മുന്‍ പാക് താരം ഡാനിഷ് കനേരിയയും പറഞ്ഞിരുന്നു.

‘കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും എന്‍.സി.എയില്‍ പ്രാക്ടീസ് ആരംഭിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന മേജര്‍ ടൂര്‍ണമെന്റുകളില്‍ അവര്‍ ടീമിന്റെ ഭാഗമാകാനും സാധ്യതയുണ്ട്.

എന്നാല്‍ ഒരാള്‍ പ്രാക്ടീസ് ചെയ്യുന്നു എന്നതിനെ മാത്രം അടിസ്ഥാനമാക്കി അവരെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കില്ല. അവര്‍ മത്സരങ്ങള്‍ കളിക്കുകയും മികച്ച ഫോമിലാണെങ്കില്‍ മാത്രം ടീമിലുള്‍പ്പെടുത്തുകയും വേണം,’ കനേരിയ പറഞ്ഞു.

മെയ് ഒന്നിന് നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിലാണ് കെ.എല്‍. രാഹുലിന് പരിക്കേല്‍ക്കുന്നത്. ഈ പരിക്കിന് പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തിരുന്നു.

പരിക്കില്‍ നിന്നും മുക്തനായിക്കൊണ്ടിരിക്കുന്ന രാഹുല്‍ എന്‍.സി.എയില്‍ നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യാനും ആരംഭിച്ചിരുന്നു.

Content Highlight: Ravi Shastri on KL Rahul’s inclusion in the Asia Cup squad

We use cookies to give you the best possible experience. Learn more