| Thursday, 29th February 2024, 12:01 pm

തലയുയര്‍ത്തി നില്‍ക്ക്, ശക്തിയായി തിരിച്ചു വാ... ബി.സി.സി.ഐ ശിക്ഷിച്ച ഇഷാനും ശ്രേയസിനും ശാസ്ത്രിയുടെ ആശ്വാസവാക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ബി.സി.സി.ഐ 2023-24ലേക്കുള്ള വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്. നാല് കാറ്റഗറികളിലായി 30 താരങ്ങളെയാണ് ബി.സി.സി.ഐ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൂപ്പര്‍ താരം ശ്രേയസ് അയ്യരിനെയും ഇഷാന്‍ കിഷനെയും ബി.സി.സി.ഐ കരാറില്‍ നിന്നും പുറത്താക്കിയിരുന്നു. പട്ടിക തയ്യാറാക്കുമ്പോള്‍ ഇരുവരുടെയും പേര് പരിഗണിച്ചിരുന്നില്ലെന്നും അപെക്‌സ് ബോര്‍ഡ് വ്യക്തമാക്കുന്നു.

ശ്രേയസ് അയ്യരിന് കരാര്‍ ലഭിക്കാതിരുന്നതിന് പിന്നാലെ ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ശ്രേയസിനും ഇഷാന്‍ കിഷനും ആത്മവിശ്വാസം നല്‍കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ക്രിക്കറ്റില്‍ തിരിച്ചുവരവുകളാണ് ഒരു താരത്തിന്റെ സ്പിരിറ്റിനെ നിര്‍വചിക്കുന്നതെന്നും ശക്തമായി തിരിച്ചുവരാനും ശാസ്ത്രി പറയുന്നു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ക്രിക്കറ്റില്‍ തിരിച്ചുവരവുകളാണ് സ്പിരിറ്റിനെ നിര്‍വചിക്കുന്നത്. ശ്രേയസ്, ഇഷാന്‍ തലയുയര്‍ത്തി നില്‍ക്കൂ. കൂടുതല്‍ വെല്ലുവിളികളെ നേരിട്ട് ശക്തരായി തിരിച്ചുവരൂ. നിങ്ങളുടെ മുന്‍ കാല നേട്ടങ്ങള്‍ നിങ്ങള്‍ക്കായി സംസാരിക്കുന്നുണ്ട്. നിങ്ങളതെല്ലാം ഒരിക്കല്‍ക്കൂടി വീണ്ടെടുത്തുമെന്നതില്‍ എനിക്ക് സംശയമില്ല,’ ശാസ്ത്രി എക്‌സില്‍ കുറിച്ചു.

അതേസമയം, അയ്യര്‍ ആഭ്യന്തര തലത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. രഞ്ജിയില്‍ മുംബൈ ക്യാമ്പിനൊപ്പം ചേരുകയും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കുകയും ചെയ്തിരുന്നു.

ബറോഡക്കെതിരായ മത്സരം സമനിലയിലായതിന് പിന്നാലെ ടീം സെമി ഫൈനലിനും യോഗ്യത നേടി. മാര്‍ച്ച് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്. തമിഴ്നാടാണ് എതിരാളികള്‍.

ബി.സി.സി.ഐ വാര്‍ഷിക കരാര്‍

ഗ്രേഡ് എ പ്ലസ് – ഏഴു കോടി രൂപയുടെ വാര്‍ഷിക കരാര്‍ (നാല് താരങ്ങള്‍)

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ

ഗ്രേഡ് എ – അഞ്ച് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (ആറ് താരങ്ങള്‍)

ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ

ഗ്രേഡ് ബി – മൂന്ന് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (അഞ്ച് താരങ്ങള്‍)

സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍

ഗ്രേഡ് സി – ഒരുകോടി രൂപയുടെ വാര്‍ഷിക കരാര്‍ (15 താരങ്ങള്‍)

റിങ്കു സിങ്, തിലക് വര്‍മ, റിതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, കെ.എസ്. ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, രജത് പാടിദാര്‍, ഷര്‍ദുല്‍ താക്കൂര്‍, മുകേഷ് കുമാര്‍.

Content Highlight: Ravi Shastri motivates Shreyas Iyer and Ishan Kishan after the lost central contract

Latest Stories

We use cookies to give you the best possible experience. Learn more