|

ഇനിയെങ്കിലും രാഹുലിനെ മാറ്റി അവനെ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കരുതോ? വിമര്‍ശനവുമായി മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായ മോശം ഫോമിനെ തുടര്‍ന്ന് കെ.എല്‍. രാഹുലിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലിനെ പുറത്തിരുത്തി രാഹുലിനെ കളിപ്പിച്ച രണ്ട് മത്സരത്തിലും താരം ഫ്ലോപ്പായിരുന്നു.

ഹോം മത്സരങ്ങള്‍ക്ക് കെ.എല്‍. രാഹുലിനെ നിയമിക്കരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. അവസാന രണ്ട് ടെസ്റ്റുകളില്‍ രാഹുലിന് പകരം ശുഭ്മന്‍ ഗില്ലിനെ നിയമിക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

‘ഒരു ഹോം പരമ്പരയില്‍ വൈസ് ക്യാപ്റ്റനെ നിയമിക്കേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം. പകരം മികച്ച പ്ലെയിങ് ഇലവന്‍ ഉണ്ടായാല്‍ മതി. ക്യാപ്റ്റന് ഫീല്‍ഡ് വിടേണ്ടി വന്നാല്‍ ആര്‍ക്കെങ്കിലും ആ സ്ഥാനം പിടിക്കാനുള്ള അവസരം ഉണ്ടാകും. അതല്ലാതെ ഫോം ഇല്ലാത്ത ഒരു വൈസ് ക്യാപ്റ്റനാകുമ്പോള്‍ അത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കും.

ഇവിടെ ശുഭ്മന്‍ ഗില്ലിനെ പൊലൊരു താരത്തെയാണ് വേണ്ടത്. അവസാന രണ്ട് ടെസ്റ്റുകളില്‍ കെഎല്‍ രാഹുലിന് പകരം ഓപ്പണറായി ശുഭ്മാന്‍ ഗില്ലിനെ കളിപ്പിക്കണം.

ടീം മാനേജ്‌മെന്റിന് രാഹുലിന്റെ ഫോം അറിയാം. അവര്‍ക്ക് അവന്റെ മാനസികാവസ്ഥയും അറിയാം. ഗില്ലിനെപ്പോലെയുള്ള ഒരാളെ എങ്ങിനെ ഉപയോഗിക്കണമെന്നതിലും അവര്‍ക്ക് വ്യക്തതയുണ്ട്,’ രവി ശാസ്ത്രി പറഞ്ഞു.

അതേസമയം, ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ആദ്യ ടെസ്റ്റ് ഇന്നിങ്സിനും 132 റണ്‍സിനും വിജയിച്ച ഇന്ത്യന്‍ ടീം രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സില്‍ 263 റണ്‍സെടുത്ത് പുറത്തായ ഓസീസിനെതിരെ മറുപടി ബാറ്റിങ്ങില്‍ ഇന്ത്യന്‍ ടീം 262 റണ്‍സിന് പുറത്തായിരുന്നു.

ശേഷം രണ്ടാം ഇന്നിങ്സില്‍ ഓസീസിനെ 113 റണ്‍സിന് ഒതുക്കാന്‍ കഴിഞ്ഞതോടെയാണ് ഇന്ത്യന്‍ ടീമിന്റെ വിജയം അനായാസമായത്.

115 റണ്‍സിന്റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യന്‍ ടീം ആറ് വിക്കറ്റുകള്‍ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ, 31 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ചേതേശ്വര്‍ പുജാര എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ ടീം വിജയ ലക്ഷ്യം മറികടന്നത്.

മോശം പ്രകടനം പരിഗണിച്ച് അടുത്തിടെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും രാഹുലിനെ പുറത്താക്കിയിരുന്നു. വൈറ്റ് ബോള്‍ ടീമുകളുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും അദ്ദേഹം നേരത്തേ ഒഴിവാക്കപ്പെട്ടിരുന്നു.

Content Highlights: Ravi Shastri criticizes KL Rahul