മാക്‌സ് വെല്ലിനെ കപില്‍ദേവിനോട് ഉപമിച്ച് രവിശാസ്ത്രി; തിരുത്തിയത് മറ്റൊരു ചരിത്രം
2023 ICC WORLD CUP
മാക്‌സ് വെല്ലിനെ കപില്‍ദേവിനോട് ഉപമിച്ച് രവിശാസ്ത്രി; തിരുത്തിയത് മറ്റൊരു ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th November 2023, 9:58 am

2023 ലോകകപ്പില്‍ നടന്ന അഫ്ഗാനിസ്ഥാന്‍- ഓസ്‌ട്രേലിയ മത്സരത്തില്‍ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് വാംഖഡെയില്‍ അരങ്ങേറിയത്. വമ്പന്‍ തോല്‍വിയില്‍ നിന്നും അട്ടിമറി വിജയത്തിലേക്കുള്ള ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഒറ്റയാന്‍ പോരാട്ടം ലോകമെമ്പാടും അമ്പരപ്പോടെ കാണുകയായിരുന്നു.

19 പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസ്‌ട്രേലിയ അഫ്ഗാനെതിരെ നേടിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ പട 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 91 റണ്‍സിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ടീമിന്റെ മൊത്തം ഭാരവും മാക്‌സി ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കാലില്‍ പരിക്ക് പറ്റിയിട്ടും 128 പന്തുകളില്‍ നിന്നും 10 സിക്‌സറുകളും 21 ബണ്ടറികളുമടക്കം 201 റണ്‍സിന്റെ പുത്തന്‍ വിജയ ചരിത്രമാണ് പുറത്താവാതെ ഈ ഒറ്റയാന്‍ ഭീകരന്‍ നേടിയത്.

മത്സരത്തിന് ശേഷം നിരവധി പേരാണ് മാക്‌സ് വെല്ലിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്. ശേഷം മാക്‌സിയും സംസാരിച്ചു.

‘ ഇതുവരെ ഞാന്‍ ഇത്രയും സമ്മര്‍ദ്ദത്തിന്‍ല്‍ കളിച്ചിട്ടില്ല. തര്‍ച്ചയായും ഇന്ന് എനിക്കത് സംഭവിച്ചു,’ അദ്ദേഹം പറഞ്ഞു.

വേദന അനുഭവിച്ച് കാലുകളനക്കാതെ ബൗണ്ടറികളും സിക്‌സറുകളും അടിച്ചെടുത്ത് മാക്‌സി എത്തിയത് പുത്തന്‍ ചരിത്രങ്ങളിലേക്കായിരുന്നു. ഏകദിനത്തില്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറായി മാക്സ് വെല്ലിന്റെ 128 പന്തിലെ 201 റണ്‍സ് മാറിയിരിക്കുകയാണ്. ഏകദിനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് റണ്‍ ചെയ്സിനിടെ ഒരു ബാറ്റര്‍ ഇരട്ട സെഞ്ച്വറി നേടുന്നത്. ഇക്കാലമത്രയും പിറന്ന ഇരട്ട സെഞ്ച്വറികളെല്ലാം തന്നെ ആദ്യ ഇന്നിങ്സിലായിരുന്നു. മഹോജ്ജ്വല പാരമ്പര്യമുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയും ഇതുതന്നെയാണ്.

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഓപ്പണറല്ലാത്ത ആദ്യ താരം എന്ന റെക്കോഡാണ് മാക്സ്വെല്‍ ഇതിനൊപ്പം സ്വന്തമാക്കി. ഈ മത്സരത്തില്‍ ആറാം നമ്പറില്‍ ഇറങ്ങി പുറത്താവാതെയാണ് മാക്സ് വെല്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

അഫ്ഗാന്‍ താരം ഇബ്രാഹിം സദ്രാന്‍ ഉയര്‍ത്തിയ ലോകകപ്പിലെ തന്റെ കന്നി സെഞ്ച്വറി മാക്‌സിയുടെ ലക്ഷ്യങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി മാക്‌സിയെ ഉപമിച്ചത് ഇതിഹാസതാരം കപില്‍ ദേവിനോടായിരുന്നു.
‘ അസാധ്യം, 83കളിലെ കാപ്‌സിനെയാണ് എനിക്ക് ഓര്‍മ്മവരുന്നത്,’ അദ്ദേഹം എഴുതി.

മുമ്പ് കപില്‍ ദേവിന്റെ ഉയര്‍ന്ന റണ്‍ ചേസിങ് സ്‌കോറായ 175* റണ്‍ മാക്‌സ് വെല്‍ മറികടന്ന് ഒന്നാമതായിരിക്കുകയാണ്. 91ന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ പാറ്റ് കമ്മിന്‍സും മാക്‌സിയുമായിരുന്നു ക്രീസില്‍. പിന്നീട് ഇരുവരും എത്തിപ്പിടിച്ചത് ഐതിഹാസിക വിജയം മാത്രമല്ലായിരുന്നു. ഈ നേട്ടത്തോടെ ഒരു ലോകകപ്പില്‍ ഏഴ് വിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ പുത്തന്‍ ചരിത്രമാണ് ഇരുവരും പടുത്തുയര്‍ത്തിയത്. മുമ്പ് കപില്‍ ദേവും സയ്യിദ് കര്‍മാനിയും നേടിയ 126 റണ്‍സിന്റെ കൂട്ടുകെട്ടും ഓസീസ് താരങ്ങള്‍ 140 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത് തകര്‍ത്തു.

മാക്‌സിയുടെ മികവില്‍ ഓസ്‌ട്രേലിയ ഇപ്പോല്‍ സെമി ഫൈനലില്‍ ഇടം നേടിയിരിക്കുകയാണ്.

 

Content Highlight: Ravi Shastri compares Max Well to Kapil Dev