ധോണി യുഗത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമായി മാറിയവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 2007 ലോകകപ്പ് തോല്‍വിക്ക് ശേഷം ധോണിയുടെ കൈയിലെത്തിയ ഇന്ത്യന്‍ ടീമിന് മൂന്ന് പ്രധാന കിരീടങ്ങളാണ് അദ്ദേഹം നേടികൊടുത്തത്.
ഏകദിനം, ട്വന്റി-20 ക്രിക്കറ്റില്‍ ലോകത്തെ എല്ലാ ടീമുകളെയും തകര്‍ക്കാന്‍ സാധിക്കുന്നവരായി ഇന്ത്യയെ ധോണി മാറ്റിയിരുന്നു. ധോണിക്ക് ശേഷം അപ്പോഴുള്ള ഇന്ത്യയുടെ ബെസ്റ്റ് ബാറ്ററായ വിരാട് കോഹ്‌ലി ആ സ്ഥാനം അലങ്കരിക്കുകയായിരുന്നു. ടീമിനെ മികച്ച രീതിയില്‍ നയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കീഴില്‍ പ്രധാന കിരീടമൊന്നും നേടാന്‍ ഇന്ത്യക്ക് സാധിച്ചില്ലായിരുന്നു.
കോഹ്‌ലി യുഗത്തില്‍ ഭൂരിഭാഗം സമയവും ഇന്ത്യയുടെ കോച്ചായിരുന്നത് രവി ശാസ്ത്രിയായിരുന്നു. ടൂര്‍ണമെന്റുകളിലെ മോശം പ്രകടനത്തിന് ഒരുപാട് വിമര്‍ശനങ്ങള്‍ ഇരുവരും നേരിട്ടിരുന്നു. എന്നാല്‍ ഈ തോല്‍വികള്‍ക്ക് പിന്നില്‍ തനിക്ക് വലിയ പങ്കില്ല എല്ലാം ക്യാപ്റ്റന്റെയും സെലക്ടര്‍മാരുടെയും കുഴപ്പമായിരുന്നു എന്നാണ് ശാസ്ത്രി പറയുന്നത്.
പാര്‍ട്ട് ടൈം ബൗളര്‍മാരില്ലാത്തതാണ് ഇന്ത്യയെ ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ മൂന്നാല് ഓവര്‍ എറിയുന്ന പാര്‍ട്ട് ടൈം ബൗളര്‍മാരെ മിസ് ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.
മുന്‍ കാലങ്ങളില്‍ അങ്ങനെ ഒരുപാട് പേരുണ്ടിയാരുന്നു എന്നും ഇപ്പോള്‍ ഹൂഡയും അക്‌സറുമൊക്കെ കളിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
‘മുമ്പ് ഞങ്ങള്‍ക്ക് വീരേന്ദ്ര സേവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിവരുണ്ടായിരുന്നു, എന്നാല്‍ കഴിഞ്ഞ 3-4 വര്‍ഷങ്ങളില്‍ ഇന്ത്യക്ക് ആരുമുണ്ടായിരുന്നില്ല. അതിനാല്‍, ടീമിന്റെ മുഴുവന്‍ ബാലന്‍സും വിട്ടുവീഴ്ച ചെയയ്യേണ്ടി വന്നു. അക്‌സറും ഹൂഡയും പോലെയുള്ളവരെ ടീമില്‍ കാണുന്നത് സന്തോഷം തരുന്നു,’ ശാസ്ത്രി പറഞ്ഞു.
തന്റെ കാലയളവില്‍ പാര്‍ട്ട് ടൈം ബൗളര്‍മാര്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, ക്യാപ്റ്റനും സെലക്ടര്‍മാരും തമ്മിലുള്ള ആശയവിനിമയത്തിന്റെ അഭാവത്തെ കുറ്റപ്പെടുത്തുകയായിരുന്നു അദ്ദേഹം. സെലക്ടര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ അന്വേഷിച്ച് പ്രതിഭകളെ കണ്ടെത്തണമെന്ന് ശാസ്ത്രി പറഞ്ഞു.
‘ഒരു ക്യാപ്റ്റനും സെലക്ടര്‍മാരും തമ്മിലുള്ള മികച്ച ആശയവിനിമയമാണ് ടീമിനെ സഹായിക്കാന്‍ കഴിയുന്നത്. 4-5 ഓവറുകള്‍ എറിയാന്‍ കഴിയുന്ന ആദ്യ ആറ് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുന്ന കളിക്കാരനെ തിരിച്ചറിയാന്‍ സെലക്ടര്‍മാരോട് ആവശ്യപ്പെടാന്‍ ക്യാപ്റ്റന് സാധിക്കണം. ‘എനിക്ക് 4-5 ഓവര്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഒരാളെ വേണം. ആഭ്യന്തര ക്രിക്കറ്റില്‍ അത് ചെയ്യാന്‍ കഴിയുന്ന ഒരാളെ കണ്ടെത്തുക. പോയി എനിക്കായി ആ ആളെ കണ്ടുപിടിക്കൂ,’ എന്ന് പറയാന്‍ സാധിക്കണം,’ ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍ കാലങ്ങളില്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍, അജയ് ജഡേജ പോലുള്ള സ്പാര്‍ക്കുള്ള ബൗളര്‍മാരുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 1.4 ബില്യണ്‍ ആളുകളില്‍ ഒരു ബാറ്റര്‍ പോലും ബൗള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നാണൊ നിങ്ങള്‍ പറയുന്നതെന്നും ശാസ്ത്രി ചോദിച്ചു.
‘സച്ചിന്‍ പന്ത് എടുത്ത് ഓഫ് സ്പിന്‍, ലെഗ് സ്പിന്‍ എന്നിങ്ങനെ വ്യത്യസ്ത ഡെലിവറികള്‍ പരീക്ഷിക്കും. അതാണ് ‘കീഡ’ (സ്പാര്‍ക്ക്). അങ്ങനെയുളള ധാരാളം കളിക്കാരുണ്ട് . അജയ് ജഡേജ തന്റെ ബാറ്റിംഗ് പൂര്‍ത്തിയാക്കിയ ശേഷം ബൗള്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നു. നിലവില്‍ 1.4 ബില്യണ്‍ ആളുകളില്‍ ബൗള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ബാറ്റര്‍മാര്‍ ഇല്ലെന്നാണോ പറയുന്നത്.
വിരാട്-ശാസ്ത്രി യുഗത്തില്‍ 2017 ചാമ്പ്യന്‍സ് ട്രോഫി, 2019 ലോകകപ്പ്, 2021 ട്വന്റി-20 ലോകകപ്പ് എന്നിവയെല്ലാം ഇന്ത്യ തോറ്റിരുന്നു.
Content Highlights: Ravi Shastri blames Virat Kohli and Team selectors for losing in major trophies