2024ല്‍ നടക്കുന്ന ടി-20 ലോകകപ്പ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഇന്ത്യ വളരെ അടുത്ത് തന്നെ ലോകകപ്പ് നേടുമെന്നും എന്നാലത് 50 ഓവര്‍ ലോകകപ്പ് ആയിരിക്കില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.
ഏകദിന ടീമിനെ വീണ്ടും റീ ബില്‍ഡ് ചെയ്‌തെടുക്കേണ്ടതുണ്ടെന്നും എന്നാല്‍ ടി-20 ടീമിന് അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഉയര്‍ത്താന്‍ സാധിച്ചേക്കുമെന്നും ശാസ്ത്രി വിശ്വസിക്കുന്നു.
വാംഖഡെ സ്റ്റേഡിയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യ വളരെ അടുത്ത് തന്നെ ഒരു ലോകകപ്പ് നേടുമെന്നാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്. അതെനിക്ക് ഇപ്പോഴേ കാണാന്‍ സാധിക്കുന്നുണ്ട്. അതൊരുപക്ഷേ ഏകദിന ലോകകപ്പ് ആയിരിക്കില്ല, കാരണം നമുക്ക് ഏകദിന ടീമിനെ പുനര്‍നിര്‍മിക്കേണ്ടതായുണ്ട്.
എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യ ഒരു മികച്ച ടീമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏതൊരു ടീമിനും ഇന്ത്യ വെല്ലുവിളിയാകുമെന്നുറപ്പാണ് കാരണം നിങ്ങള്‍ക്ക് ഇതിനോടകം ഒരു ന്യൂക്ലിയസ് ലഭിച്ചിരിക്കുകയാണ്, അതാകട്ടെ ക്രിക്കറ്റിലെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് ഗെയിമും. നിങ്ങളുടെ മുഴുവന്‍ ഫോക്കസും ഇനി അതിലായിരിക്കണം,’ ശാസ്ത്രി പറഞ്ഞു.
ടി-20 ലോകകപ്പിന്റെ ഉദ്ഘാടന സീസണില്‍ മാത്രമാണ് ഇന്ത്യക്ക് കുട്ടിക്രിക്കറ്റിന്റെ കിരീടമണിയാന്‍ സാധിച്ചത്. അന്ന് പാകിസ്ഥാനെ തകര്‍ത്താണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്.
ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി-20 പരമ്പരയില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച മെന്‍ ഇന്‍ ബ്ലൂ 2-0ന് പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുകയാണ്.
അതേസമയം, അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. 20 ടീമുകളാണ് ഇത്തവണ ലോകകപ്പിനെത്തുന്നത്. ഇതില്‍ 18 ടീമുകള്‍ ഇതിനോടകം തന്നെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്.
അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ ലോകകപ്പിന്റെ ആതിഥേയരായതോടെ നേരിട്ട് യോഗ്യത നേടിയിരുന്നു.
ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ 2022 ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലും ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചു.
അയര്‍ലന്‍ഡും സ്‌കോര്‍ലാന്‍ഡും യൂറോപ്യന്‍ ക്വാളിഫയര്‍ ജയിച്ച് സ്ഥാനമുറപ്പിച്ചപ്പോള്‍ ഏഷ്യന്‍ ക്വാളിഫയേഴ്‌സ് ജയിച്ച് നേപ്പാളും ഒമാനും ലോകകപ്പിന് യോഗ്യത നേടി.
ഈസ്റ്റ് ഏഷ്യാ-പസഫിക് ക്വാളിഫയറില്‍ നിന്നും പപ്പുവാ ന്യൂഗിനിയയും അമേരിക്കാസ് ക്വാളിഫയറില്‍ നിന്നും കാനഡയും ലോകകപ്പിനെത്തും.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഫ്രിക്ക ക്വാളിഫയറിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന രണ്ട് ടീമുകളാകും ശേഷിക്കുന്ന രണ്ട് സ്ലോട്ടില്‍ ഇടം നേടുക. നമീബിയ, ഉഗാണ്ട, കെനിയ, സിംബാബ്‌വേ, നൈജീരിയ, റുവാണ്ട, ടാന്‍സാനിയ എന്നീ ഏഴ് ടീമുകളാണ് ഈ രണ്ട് സ്ലോട്ടിനായി മത്സരിക്കുന്നത്.
Content highlight: Ravi Shastri believes India can win 2024 T20 World Cup