ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ മലയാളി താരം സഞ്ജു സാംസണെ എന്തുവന്നാലും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി.
ഓസ്‌ട്രേലിയന്‍ പിച്ചില്‍ മറ്റേത് താരത്തെക്കാളും മികച്ച രീതിയില്‍ സഞ്ജുവിന് കളിക്കാന്‍ സാധിക്കുമെന്നും മറ്റുടീമുകള്‍ക്കെല്ലാം ഭീഷണിയാകുമെന്നും രവി ശാസ്ത്രി നിരീക്ഷിക്കുന്നു.
ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്.
ഓസ്ട്രേലിയയില്‍ ഷോര്‍ട്ട് ബോള്‍ വെല്ലുവിളികളെ സഞ്ജുവിന് അനായാസം അതിജീവിക്കാന്‍ സാധിക്കുമെന്നും മറ്റേത് ഇന്ത്യന്‍ താരത്തേക്കാളും കൂടുതല്‍ ഷോട്ടുകള്‍ സഞ്ജുവിന് കളിക്കാന്‍ സാധിക്കുമെന്നും ശാസ്ത്രി പറയുന്നു.
‘ലോകകപ്പിലെ എല്ലാ മത്സരത്തിലും ഷോര്‍ട്ട് ബോളുകള്‍ തീര്‍ച്ചയായും വെല്ലുവിളിയുയര്‍ത്തും. ത്രിപാഠിയ്ക്കും ശ്രേയസിനും സഞ്ജുവിനും അവിടെ അവസരമുണ്ട്.
എന്നാല്‍ ഓസ്ട്രേലിയയിയിലെ സാഹചര്യങ്ങളിലേക്ക് നോക്കുമ്പോള്‍ പേസ്, പുള്‍, കട്ട്, ബൗണ്‍സ് എല്ലാംകൊണ്ടും സഞ്ജുവിന് അവിടെ ഭീഷണിയുയര്‍ത്താന്‍ സാധിക്കും. മറ്റേത് ഇന്ത്യന്‍ താരത്തേക്കാളും കൂടുതല്‍ ഷോട്ടുകള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ സഞ്ജുവിനുണ്ട്,’ ശാസ്ത്രി പറയുന്നു.
നേരത്തെ, രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരിക്കെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ടീമില്‍ സഞ്ജു ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ മികച്ച പ്രകടനമായിരുന്നില്ല സഞ്ജു അന്ന് പുറത്തെടുത്തത്.
ഐ.പി.എല്‍ 2022ലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. സ്‌കോറിനൊപ്പം ഇംപാക്ടും ഉയര്‍ത്തുന്ന രീതിയില്‍ ബാറ്റ് വീശിയ സഞ്ജു 458 റണ്‍സാണ് സ്വന്തമാക്കിയത്. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ മറ്റേത് ഇന്ത്യന്‍ ബാറ്ററെക്കാളും മികച്ച പ്രകടനമാണ് താരം നടത്തിയത്.
ക്യാപ്റ്റന്‍ എന്ന രീതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് രാജസ്ഥാനെ ഫൈനല്‍ വരെയെത്തിച്ചെങ്കിലും ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള ടീമില്‍ താരം ഉള്‍പ്പെട്ടിരുന്നില്ല.