| Sunday, 24th November 2024, 11:58 am

ഈ നിമിഷത്തിനായി 40 വര്‍ഷം കാത്തിരിക്കേണ്ടിവന്നു; ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് രവി ശാസ്ത്രിയും വസീം അക്രവും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരം പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം പുരോഗമിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സാണ് ഇന്ത്യ നേടിയത്.

ടീമിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച ഇന്നിങ്‌സാണ് കളിച്ചത്. രാഹുല്‍ 176 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ അടക്കം 77 റണ്‍സിനാണ് പുറത്തായത്.

രണ്ടാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 25 റണ്‍സും നേടി കൂടാരം കയറി. ആദ്യ വിക്കറ്റില്‍ രാഹുലുമായി 201 റണ്‍സിന്റെ ഓപ്പണിങ് പാര്‍ട്ണര്‍ഷിപ്പാണ് ജെയ്‌സ്വാള്‍ നേടിയത്.

എന്നാല്‍ ജെയ്സ്വാള്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. 297 പന്തില്‍ 15 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 161* റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ പുറത്തായത്.

ഇന്ത്യയുടെയും ജെയ്‌സ്വാളിന്റെയും തകര്‍പ്പന്‍ പ്രകടനം മുന്‍ നിര്‍ത്തി കമന്റേറ്റര്‍ ബോക്‌സില്‍ നിന്ന് രവിശാസ്ത്രിയും വസീം അക്രവും സംസാരിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

’40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു സന്ദര്‍ശക സംഘം ഓസ്ട്രേലിയയെ വളരെയധികം സമ്മര്‍ദത്തിലാക്കുന്നത്. പെര്‍ത്തില്‍ ഈ ദിവസം കാണാന്‍ ഞാന്‍ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. റെഡ്-ബോള്‍ ക്രിക്കറ്റില്‍ ആതിഥേയ ടീമിനെ ഇത്തരമൊരു സാഹചര്യത്തില്‍ കാണാന്‍ സാധിച്ചതില്‍ ഈ ഞായറാഴ്ചക്ക് വലിയ പ്രത്യേകതയുണ്ട്,’ രവി ശാസ്ത്രി സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

‘യശസ്വി ജയ്‌സ്വാള്‍ ഒരു പ്രത്യേക പ്രതിഭയാണ്, പെര്‍ത്തില്‍ സെഞ്ച്വറി നേടുന്നത് എളുപ്പമല്ല. എന്നാല്‍ ഈ യുവാവ് അത് സാധ്യമാക്കി,’ വസീം അക്രം പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് ഓള്‍ ഔട്ടുമായി. തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

Content Highlight: Ravi shastri And Wasim Akram Talking About Indian Cricket And Jaiswal

We use cookies to give you the best possible experience. Learn more