ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സ്വാളിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും മുന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. ഈ പര്യടനം താരത്തെ ഏറെ സഹായിക്കുമെന്നും പരമ്പരയ്ക്ക് ശേഷം ജെയ്‌സ്വാള്‍ കൂടുതല്‍ മികച്ച താരമായി മാറുമെന്നും ശാസ്ത്രി പറഞ്ഞു.
‘ഈ എക്‌സ്പീരിയന്‍സുകള്‍ അവനെ ഒരുപാട് സഹായിക്കും, ഈ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ഇപ്പോഴുള്ളതിനേക്കാള്‍ ഇരട്ടി മികച്ച താരമായി അവന്‍ മാറും,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയില്‍ രവി ശാസ്ത്രി പറഞ്ഞു.
മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണറും ഇതിഹാസ താരവുമായ ജസ്റ്റിന്‍ ലാംഗറും ജെയ്‌സ്വാളിനെ പ്രശംസിച്ച് സംസാരിച്ചിരുന്നു. ജെയ്‌സ്വാളിന്റെ ബാറ്റിങ് കാണുന്നത് തനിക്കേറെ ഇഷ്ടമാണെന്നും ജെയ്‌സ്വാള്‍ ഭാവിയില്‍ മികച്ച താരമാകുമെന്നുമാണ് ലാംഗര്‍ പറഞ്ഞത്.
‘അവന്‍ ബാറ്റ് ചെയ്യുന്നത് കാണാന്‍ തന്നെ എനിക്ക് ഏറെ ഇഷ്ടമാണ്. പന്ത് ബാറ്റില്‍ കൊള്ളുമ്പോഴുണ്ടാകുന്ന ആ ശബ്ദം കേള്‍ക്കാനും എനിക്കിഷ്ടമാണ്. അവന്‍ ഭാവി താരമാണ്,’ അദ്ദേഹം പറഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായാണ് തിരിച്ചുവന്നത്. 297 പന്ത് നേരിട്ട താരം 161 റണ്‍സാണ് സ്വന്തമാക്കിയത്.
എന്നാല്‍ അഡ്‌ലെയ്ഡിലും ബ്രിസ്‌ബെയ്‌നിലും ജെയ്‌സ്വാളിന് അടി തെറ്റി. അഡ്‌ലെയ്ഡിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 24 റണ്‍സ് നേടിയ താരത്തിന് ഗാബയില്‍ എട്ട് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ബോക്‌സിങ് ഡേ ടെസ്റ്റില്‍ ജെയ്‌സ്വാള്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷീച്ച ആരാധകര്‍ക്ക് വിരുന്നൊരുക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം മികച്ച പ്രകടനം നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 82 റണ്‍സടിച്ച ജെയ്‌സ്വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 84 റണ്‍സും നേടി.
പരമ്പരയിലെ റണ്‍ വേട്ടക്കാരില്‍ ട്രാവിസ് ഹെഡിന് ശേഷം രണ്ടാമനാണ് ജെയ്‌സ്വാള്‍. എട്ട് ഇന്നിങ്‌സില്‍ നിന്നും 51.29 ശരാശരിയില്‍ 359 റണ്‍സാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.
2024 കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ജെയ്‌സ്വാള്‍. കളിച്ച 29 ഇന്നിങ്‌സില്‍ നിന്നും 54.74 ശരാശരിയില്‍ 1478 റണ്‍സാണ് താരം നേടിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ നേടിയ 214 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. താരത്തിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതു തന്നെ.
Content highlight: Ravi Shastri and Justin Langer praises Yashasvi Jaiswal