എന്റെ കോച്ചേ, ഇങ്ങനെ വിശ്രമിക്കാന്‍ ഇവിടെ എന്ത് പണിയാണെടുത്തേ? ആ ടീമൊന്ന് നേരെയാക്കാന്‍ നോക്ക്‌: മുന്‍ ഇതിഹാസം
Cricket
എന്റെ കോച്ചേ, ഇങ്ങനെ വിശ്രമിക്കാന്‍ ഇവിടെ എന്ത് പണിയാണെടുത്തേ? ആ ടീമൊന്ന് നേരെയാക്കാന്‍ നോക്ക്‌: മുന്‍ ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 17th November 2022, 7:08 pm

ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ദയനീയ തോല്‍വി വഴങ്ങിയതിന് ശേഷം ടീം ഇന്ത്യ മൂന്ന് മത്സര ടി-20, ഏകദിന പരമ്പരകള്‍ക്കായി ന്യൂസിലന്‍ഡിലാണുള്ളത്.

ടി-20 ലോകകപ്പ് കഴിഞ്ഞ് വിശ്രമം അനുവദിച്ചതിനാല്‍ ഇന്ത്യന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍, ആര്‍. അശ്വിന്‍ എന്നീ സീനിയര്‍ താരങ്ങള്‍ പരമ്പരയില്‍ കളിക്കുന്നില്ല.

ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വിശ്രമത്തിലാണ്. ഇടക്കാല പരിശീലകനായി എന്‍.സി.എ മേധാവി വി.വി.എസ്. ലക്ഷ്മണ്‍ ആണ് ടീമിലുള്ളത്. നേരത്തെ അയര്‍ലന്‍ഡിനും സിംബാബ്‌വെക്കുമെതിരായ പരമ്പരകളിലും ദ്രാവിഡിന് വിശ്രമം നല്‍കിയിരുന്നു.

2022ല്‍ നടന്ന ഏഷ്യാ കപ്പിലെ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലും കൊവിഡ് ബാധിച്ചത് കാരണം അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഒരു പരിശീലകന്‍ ഇത്രയധികം ഇടവേളകളെടുക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത്തരം ഇടവേളകള്‍ എടുക്കുന്നതോട് തനിക്ക് ശക്തമായ വിയോജിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത്രയധികം ഇടവേളകള്‍ ആവശ്യമില്ല. രണ്ട് മൂന്ന് മാസത്തെ ഐ.പി.എല്ലിനിടെ ആവശ്യമായ വിശ്രമം ലഭിക്കും. ഒരു പരിശീലകനെന്ന നിലയില്‍ നിങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഇത് മതിയാകും.

മറ്റ് സമയങ്ങളില്‍ പരിശീലകന്‍ ആരായാലും ടീമിനൊപ്പം ഉണ്ടായിരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്,’ രവി ശാസ്ത്രി പറഞ്ഞു.

അതേസമയം ലോകകപ്പ് തോല്‍വിയോടെ ടീം ഇന്ത്യയില്‍ ക്യാപ്റ്റന്‍സിയിലടക്കം വലിയ അഴിച്ചു പണികള്‍ നടത്തണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു. സൂപ്പര്‍താരം ഹര്‍ദിക് പാണ്ഡ്യയെ ടി-20 ടീമിന്റെ നായകനാക്കണമെന്ന അഭിപ്രായമായിരുന്നു ഉയര്‍ന്നു വന്നിരുന്നത്.

ഇതിഹാസ താരങ്ങളായ സുനില്‍ ഗവാസ്‌കര്‍, കെ. ശ്രീകാന്ത് എന്നിവരുള്‍പ്പെടെ പലരും പാണ്ഡ്യയെ ടി-20 ടീമിന്റെ നായകനാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ന്യൂസലാന്‍ഡില്‍ നടക്കുന്ന ടി-20യില്‍ ഹര്‍ദിക് പാണ്ഡ്യയും ഏകദിനത്തില്‍ ശിഖര്‍ ധവാനുമാണ് ഇന്ത്യയെ നയിക്കുന്നത്. നവംബര്‍ 18നാണ് ടി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. വെല്ലിങ്ടണ്‍ റീജ്യണല്‍ സ്റ്റേഡിയമാണ് വേദി.

Content Highlights: Ravi Shastri against Rahul Dravid being granted rest