തന്റെ പൊട്ടെന്‍ഷ്യല്‍ എന്താണെന്ന് ഒരിക്കല്‍ക്കൂടി സെലക്ടര്‍മാര്‍ക്ക് മുമ്പില്‍ തെളിയിക്കാനുള്ള അവസരമാണ് സഞ്ജു സാംസണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന സ്‌ക്വാഡിലേക്ക് സഞ്ജുവിനെ തെരഞ്ഞെടുത്തിരുന്നു. ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഈ തീരുമാനം ഏറ്റെടുത്തത്.
റിഷബ് പന്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളിലേക്കാണ് സഞ്ജുവിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വേള്‍ഡ് കപ്പ് ഇയറില്‍ വീണുകിട്ടിയ അവസരം കൃത്യമായി വിനിയോഗിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന് സാധിച്ചാല്‍ ലോകകപ്പ് സ്‌ക്വാഡിലും ഇടം നേടാനായേക്കും.
സഞ്ജുവിനെ കുറിച്ചും താരത്തിന്റെ പൊട്ടെന്‍ഷ്യലിനെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും ഇന്ത്യയുടെ വേള്‍ഡ് കപ്പ് ഹീറോയുമായ രവി ശാസ്ത്രി.
സഞ്ജു സാംസണ്‍ അവന്റെ കഴിവുകളെ പൂര്‍ണമായും തിരിച്ചറിയാനുണ്ടെന്നും മികച്ച രീതിയില്‍ സഞ്ജു കരിയര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ താന്‍ ഏറെ നിരാശനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദി വീക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രി ഉക്കാര്യം പറഞ്ഞത്.
‘പിന്നെ സഞ്ജു, അവന്‍ തന്റെ കഴിവുകളെ പൂര്‍ണമായും മനസിലാക്കിയിട്ടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവന്‍ ഒരു മാച്ച് വിന്നറാണ്. പക്ഷേ എന്തോ ഒന്ന് ഇല്ലാതിരിക്കുന്നുണ്ട്. അവന്‍ വളരെ മികച്ച രീതിയില്‍ കരിയര്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഞാന്‍ ഏറെ നിരാശനായിരിക്കും.
Cheers from the crowd in Thiruvananthapuram reserved for their very own @IamSanjuSamson 😎😎 #TeamIndia #INDvWI @Paytm pic.twitter.com/8zJSQZ2LeR
— BCCI (@BCCI) December 8, 2019
ഞാന്‍ കോച്ചായിരിക്കെ രോഹിത് ശര്‍മ എന്റെ ടീമില്‍ റെഗുലര്‍ ടെസ്റ്റ് പ്ലെയറായി കളിക്കാതിരിക്കുകയാണെങ്കില്‍ ഞാന്‍ വളരെയേറെ നിരാശനായിരിക്കും, കാരണം അവനാണ് എന്റെ ഓപ്പണിങ് ബാറ്റര്‍. അതേ രീതിയിലുള്ള നിരാശയായിരിക്കും സഞ്ജുവിന്റെ കാര്യത്തിലും എനിക്ക് തോന്നുന്നത്,’ ശാസ്ത്രി പറഞ്ഞു.
2015ലാണ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ 11 ഏകദിനങ്ങളും, 17 ടി-20 മത്സരങ്ങളുമാണ് താരം ഇന്ത്യയ്ക്കായി കളിച്ചത്. ഏകദിനത്തില്‍ 66.00 ബാറ്റിംഗ് ശരാശരിയില്‍ 330 റണ്‍സും, ടി-20യില്‍ 17 മത്സരത്തില്‍ നിന്നുമായി 301 റണ്‍സുമാണ് സഞ്ജുവിന്റെ സമ്പാദ്യം.
വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷര്‍ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.
Content highlight: Ravi Shastri about Sanju Samson