| Thursday, 26th May 2022, 11:59 pm

ഇരുപത്തേഴ് വര്‍ഷത്തെ കാത്തിരിപ്പാണ്; സഞ്ജു-വിരാട് പോരാട്ടത്തെ കുറിച്ച് രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 15ാം സീസണ്‍ പ്ലേ ഓഫ് മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട് മത്സരങ്ങല്‍ കൂടെ കഴിഞ്ഞാല്‍ ഐ.പി.എല്ലിന് തിരശ്ശീല വീഴും.

ആദ്യ ക്വാളിഫയര്‍ മത്സരം വിജയിച്ച് ഫൈനലില്‍ പ്രവേശിച്ച ഗുജറാത്തിന്റെ എതിരാളിയെ നാളെ നടക്കുന്ന രണ്ടാം ക്വാളിഫയര്‍ മത്സരം കഴിയുമ്പോള്‍ അറിയാം.

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഫാഫ് ഡു പ്ലസിസിന്റെ കീഴിലുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് നാളത്തെ ക്വാളിഫയര്‍ മത്സരത്തില്‍ ഏറ്റുമുട്ടന്നത്.

നാളത്തെ മത്സരം ഒരു ത്രില്ലര്‍ ആയിരിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രി പറയുന്നത്. റോയല്‍ ബാറ്റല്‍ എന്നാണ് ശാസ്ത്രി ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്.

”ആര്‍.സി.ബി 14 കൊല്ലമായി കപ്പ് നേടാന്‍ സാധിക്കാതെ അതിന് വേണ്ടി പരിശ്രമിക്കുന്നു, രാജസ്ഥാനാണെങ്കില്‍ ആദ്യ സീസണില്‍ കപ്പുയര്‍ത്തിയതിന് ശേഷം ഇതുവരെ ട്രോഫി നേടിയിട്ടില്ല. ഇത് രണ്ടും കൂട്ടുമ്പോള്‍ 27 വര്‍ഷങ്ങളാകുന്നു’ തമാശ രൂപേണ ശാസ്ത്രി പറഞ്ഞു.

ഇരു ടീമുകളും കിരീടം അതിയായി ആഗ്രഹിക്കുന്നുണ്ട്. അത്‌കൊണ്ട് തന്നെ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം നമുക്ക് അതിന് വേണ്ടി കാത്തിരിക്കാമെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ലൈവ് എന്ന പരിപാടിയിലാണ് ശാസ്ത്രി ഈ കാര്യം പറഞ്ഞത്.

ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനോട് തോറ്റാണ് രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറിന് വരുന്നത് എന്നാല്‍ എലിമിനേറ്ററില്‍ ലഖ്‌നൗവിനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് ആര്‍.സി.ബിയുടെ വരവ്.

ഫാന്‍ ഫേവറിറ്റായ താരങ്ങളും, ടീമുകളും ഫൈനല്‍ ബര്‍ത്തിന് വേണ്ടി ഏറ്റുമുട്ടുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകരിപ്പോള്‍.

വെള്ളിയാഴ്ച രാത്രി 7.30നാണ് രണ്ടാം ക്വാളിഫെയര്‍ മത്സരം.

content highlights:  ravi shastri about qualifier 2

We use cookies to give you the best possible experience. Learn more