| Sunday, 23rd April 2023, 9:43 pm

എതിരാളികളുടെ ഹോം ഗ്രൗണ്ടിലെ ഈ മഞ്ഞക്കടല്‍ ഒരാള്‍ക്കുള്ള ട്രിബ്യൂട്ടാണ്, അയാള്‍ കിഴക്കിന്റെ രാജാവാണ്: ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 33ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുകയാണ്. കൊല്‍ക്കത്തയുടെ ഹോം സ്‌റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

മത്സരം കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് നടക്കുന്നതെങ്കില്‍ കൂടിയും സ്‌റ്റേഡിയമൊന്നാകെ മഞ്ഞക്കടലാക്കിക്കൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ ഈഡന്‍ ഗാര്‍ഡന്‍സിനെ ആവേശത്തിലാറാടിച്ചത്.

എം.എസ്. ധോണിയെന്ന ഒറ്റ പേരിന്റെ ആവേശമാണ് സ്റ്റേഡിയമൊന്നാകെ അലയടിക്കുന്നത്. മത്സരത്തില്‍ രവീന്ദ്ര ജഡേജ പുറത്തായപ്പോഴാണ് സ്‌റ്റേഡിയമൊന്നാകെ ഏറ്റവുമുച്ചത്തില്‍ ആവേശം അലയടിച്ചത്. എന്തുകൊണ്ടാണ് സി.എസ്.കെ താരം പുറത്തായപ്പോഴും ഇത്തരത്തില്‍ ആര്‍പ്പുവിളികള്‍ ഉയരുന്നത് എന്ന് നിങ്ങള്‍ക്കറിയാവുന്നതല്ലേ എന്നാണ് കമന്ററി പാനലിലിരുന്ന രവി ശാസ്ത്രി ചോദിച്ചത്.

രവീന്ദ്ര ജഡേജ പുറത്തായെന്ന് തേര്‍ഡ് അമ്പയര്‍ കൂടി വ്യക്തമാക്കിയതോടെ ആവേശം അലതല്ലി. അവസാന രണ്ട് പന്ത് നേരിടാന്‍ ധോണിയെത്തിയതോടെ സ്‌റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ഖെജ്‌രോലിയ എറിഞ്ഞ ആദ്യ പന്ത് തന്നെ എബൗവ് വെയ്സ്റ്റ് ഹൈ ഫുള്‍ ടോസായിരുന്നു. എന്നാല്‍ അമ്പയര്‍ നോ ബോള്‍ വിളിച്ചിരുന്നില്ല. എന്നാല്‍ ധോണി അത് ചലഞ്ച് ചെയ്തതോടെ സ്‌റ്റേഡിയമൊന്നാകെ ധോണി വിളകളാല്‍ മുഖരിതമായി.

മത്സരത്തിനിടെ രവി ശാസ്ത്രി പറഞ്ഞ കാര്യങ്ങള്‍ ഈഡന്‍ ഗാര്‍ഡന്‍സിലെത്തിയ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുകയായിരുന്നു.

‘ഈഡന്‍ ഗാര്‍ഡന്‍സിലെ ഈ മഞ്ഞക്കടല്‍ ഒരാള്‍ക്കുള്ള ട്രിബ്യൂട്ടാണ്, അയാള്‍ കിഴക്കിന്റെ രാജാവാണ്. അത് എം.എസ്. ധോണിയാണ്,’ എന്നായിരുന്നു ശാസ്ത്രി പറഞ്ഞത്.

അതേസമയം, ഈഡന്‍ ഗാര്‍ഡന്‍സിലെ ഏറ്റവും വലിയ സ്‌കോര്‍ കുറിച്ചുകൊണ്ടാണ് സി.എസ്.കെ മത്സരം അവസാനിപ്പിച്ചത്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് ചെന്നൈ നേടിയത്.

ഡെവോണ്‍ കോണ്‍വേ, ശിവം ദുബെ, അജിന്‍ക്യ രഹാനെ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് സി.എസ്.കെയെ പടുകൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

കോണ്‍വേ 40 പന്തില്‍ നിന്നും 56 റണ്‍സ് നേടിയപ്പോള്‍ ദുബെ 21 പന്തില്‍ നിന്നും 51 റണ്‍സ് നേടി. 29 പന്തില്‍ നിന്നും പുറത്താകാതെ 71 റണ്‍സ് നേടിയാണ് രഹാനെ തരംഗമായത്. 244.83 എന്ന സ്‌ട്രൈക്ക് റേറേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

Content highlight: Ravi Shastri about CSK fans

We use cookies to give you the best possible experience. Learn more