ക്യാപ്റ്റൻസിയിൽ ധോണിക്കൊപ്പം തന്നെയാണ് അവന്റെ സ്ഥാനവും: വമ്പൻ പ്രസ്താവനയുമായി രവി ശാസ്ത്രി
Cricket
ക്യാപ്റ്റൻസിയിൽ ധോണിക്കൊപ്പം തന്നെയാണ് അവന്റെ സ്ഥാനവും: വമ്പൻ പ്രസ്താവനയുമായി രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st August 2024, 1:45 pm

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയുടെയും ഇന്ത്യയുടെ നിലവിലെ നായകനുമായ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യന്‍ താരവും മുൻ പരിശീലകനുമായ രവി ശാസ്ത്രി.

ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ രോഹിത്തും ധോണിയും തുല്യരാണെന്നാണ് രവി ശാസ്ത്രി പറഞ്ഞത്. ഐ.സി.സി റിവ്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ പരിശീലകന്‍.

‘ഒരു സ്ട്രാറ്റർജിസ്റ്റ് എന്ന നിലയില്‍ രോഹിത് ഒരു മികച്ച വ്യക്തിയാണെന്ന് നാം മറക്കരുത്. ധോണിക്കൊപ്പം എക്കാലത്തെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായി അദ്ദേഹവും ഉണ്ടാവും. ഇരു താരങ്ങളിലും ആരാണ് മികച്ചത് എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍ വൈറ്റ് ബോള്‍ ഗെയിമിലെ തന്ത്രങ്ങളുടെ കാര്യത്തില്‍ ധോണിയും രോഹിത്തും തുല്യരാണെന്ന് ഞാന്‍ പറയും. കാരണം ധോണി എന്താണ് ചെയ്തതെന്നും അദ്ദേഹം നേടിയ കിരീടങ്ങള്‍ ഏതെല്ലാമാണെന്നും നമുക്ക് അറിയാം,’ രവി ശാസ്ത്രി പറഞ്ഞു.

നീണ്ട 17 വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് രോഹിത്തിന്റെ കീഴില്‍ ഇന്ത്യ വീണ്ടും ടി-20 ലോകകപ്പ് നേടിയത്. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ ഏഴു റണ്‍സിന് പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മയും സംഘവും ലോക ജേതാക്കളായത്. ലോകകപ്പിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സി എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഫൈനലിലെ വിജയത്തോടൊപ്പം ഇന്റര്‍നാഷണല്‍ ടി-20യില്‍ 50 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ ക്യാപ്റ്റനാണ് ധോണി. ഇന്ത്യക്കായി ആദ്യ ടി-20 ലോകകപ്പ് നേടിക്കൊടുത്തത് ധോണിയാണ്. 2007ല്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ആദ്യമായി കുട്ടിക്രിക്കറ്റിന്റെ കിരീടം ഇന്ത്യ സ്വന്തമാക്കുന്നത് പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയുടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്.

ഇതോടെ കപില്‍ ദേവിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി മാറാനും ധോണിക്ക് സാധിച്ചിരുന്നു. 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയിരുന്നു.

2020ല്‍ ആയിരുന്നു ധോണി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഇപ്പോഴും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് നടത്തുന്നത്. ചെന്നൈക്കായി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി നേടിയിട്ടുള്ളത്.

 

Content Highlight: Ravi Shasthri Talks About Rohit Sharma and M S Dhoni Captaincy