ധോണിയെ പോലെ ഫിനിഷ് ചെയ്യാന്‍ പന്തല്ല ഇയാളാണ് നല്ലത്; വെറ്ററന്‍ താരത്തെ പുകഴ്ത്തി രവി ശാസ്ത്രി
Cricket
ധോണിയെ പോലെ ഫിനിഷ് ചെയ്യാന്‍ പന്തല്ല ഇയാളാണ് നല്ലത്; വെറ്ററന്‍ താരത്തെ പുകഴ്ത്തി രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 5th June 2022, 10:05 pm

ഐ.പി.എല്ലിന് ശേഷം ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് അന്താരാഷ്ട്ര ടീമുകളും താരങ്ങളും. താര സമ്പന്നമായ ഇന്ത്യന്‍ ടീമില്‍ ലോകകപ്പ് സക്വാഡില്‍ ഇടം നേടാന്‍ കടുത്ത മത്സരം തന്നെ നടക്കും.

മഹേന്ദ്രസിംഗ് ധോണി ഒഴിച്ചിട്ട ഫിനിഷിംഗ് എന്ന റോള്‍ ഏറ്റെടുക്കാന്‍ ഏറ്റവും ഉചിതന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കാണെന്നാണ് മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് രവി ശാസ്ത്രിയുടെ അഭിപ്രായം.

ധോണി യുഗത്തില്‍ കീപ്പറായതുകൊണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ട കളിക്കാരനായിരുന്നു ദിനേഷ് കാര്‍ത്തിക്ക്. എന്നാല്‍ ഈ ഐ.പി.എല്‍ സീസണിലെ മികച്ച പ്രകടനം താരത്തെ ടീമില്‍ എത്തിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി-20 പരമ്പരയിലേക്കുള്ള ടീമില്‍ തെരഞ്ഞെടുക്കപ്പെട്ട കാര്‍ത്തിക്കിന് ആ പരമ്പര മികവ് തെളിയിക്കാനുള്ള അവസരമാണെന്നാണ് ശാസ്ത്രി പറഞ്ഞത്.

എന്നാല്‍ ടീമില്‍ സ്ഥിരമായി വിക്കറ്റ് കീപ്പറുടെ ജോലി ചെയ്യുന്ന റിഷബ് പന്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവനെ ടോപ് ഓര്‍ഡറിലും കളിപ്പിക്കാം എന്നായിരുന്നു ശാസ്ത്രിയുടെ വാദം

 

‘ടീമിന്റെ ഭാഗത്ത് നിന്ന് നമ്മള്‍ നോക്കണം അവര്‍ക്ക് എന്താണ് ആവശ്യം?ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുന്ന ഒരു കീപ്പറെ വേണോ അതോ ഫിനിഷറാകുന്ന ഒരു കീപ്പറെ വേണോ? എനിക്ക തോന്നുന്നത് രണ്ടാമത് പറഞ്ഞതാണ് ആവശ്യം എന്നാണ്. എം.എസ് ധോണിയുടെ റോള്‍ ചെയ്യാന്‍ ഇന്ത്യന്‍ ടീമിന് ഒരു കീപ്പര്‍ ആവശ്യമാണ്,’ ശാസത്രി പറഞ്ഞു

‘ടി20 ക്രിക്കറ്റില്‍ ആദ്യ നാലിലോ അഞ്ചിലോ ബാറ്റ് ചെയ്യാന്‍ കഴിയുന്ന റിഷബ് പന്ത് ടീമിലുണ്ട് , എന്നാല്‍ ധോണി വിരമിച്ചതിനാല്‍ ഒരു ഗെയിം മുന്നോട്ടുകൊണ്ടുപോകാനും ഫിനിഷ് ചെയ്യാനും കഴിയുന്ന ഒരാളെ ഇന്ത്യക്ക് വേണം. അതിനാല്‍, കാര്‍ത്തിക്കിന് അവസരം ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഞാന്‍ കാണുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിനേഷ് കാര്‍ത്തിക്ക് 2004ലായിരുന്നു ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്, 2006-ല്‍ ഇന്ത്യയുടെ ആദ്യ ടി20 വിജയത്തില്‍ ഹീറൊയായിരുന്നു കാര്‍ത്തിക്ക്. ധോണി എന്ന കളിയിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളുടെ സാന്നിധ്യം കാരണം കാര്‍ത്തിക്കിന്റെ ദേശീയ ടീമിലെ സ്ഥാനം നിലനിന്നില്ല.

 

എന്നാല്‍ അടുത്ത കാലത്തായി വെറ്ററന്‍ ബാറ്റര്‍ മികച്ച ഫോമിലേക്ക് തിരിച്ചുവന്നു. അടുത്തിടെ സമാപിച്ച ഐ.പി.എല്ലില്‍ ആര്‍.സി.ബിക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ റോള്‍ ധോണിയുടേതിന് സമാനമായിരുന്നു.

അദ്ദേഹം തന്റെ ടീമിനായി ഫിനിഷറുടെ റോളായിരുന്നു ഏറ്റെടുത്തത്. 16 മത്സരങ്ങളില്‍ നിന്ന് 183.33 എന്ന അതിശയിപ്പിക്കുന്ന സ്ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് നേടിയതിന് ശേഷമാണ് കാര്‍ത്തിക്കിന് ദേശീയ ടീമിലേക്ക്
വിളിവന്നത്.

എന്നാല്‍ ധാരാളം കീപ്പര്‍മാറുള്ള ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ കാര്‍ത്തിക്കിന് മികച്ച പ്രകടനം തന്നെ കാഴ്ചവെക്കണം.

 

Content Highlights: Ravi Shastri Says Karthik can do role of finisher like Msd in t20 world cup