അവൻ ഇനിയും ക്രിക്കറ്റ് കളിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്: രവി ശാസ്ത്രി
Cricket
അവൻ ഇനിയും ക്രിക്കറ്റ് കളിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്: രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th July 2024, 10:35 am

ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഡക്ക് വ്ര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം ഏഴ് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.

പല്ലേക്കെലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്.

എന്നാല്‍ രണ്ടാം ബാറ്റിങ്ങിനിടെ മഴ കളി തടസപ്പെടുത്തിയതോടെ ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സാക്കി ചുരുക്കുകയായിരുന്നു. ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒമ്പത് പന്തുകളും ഏഴു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യക്കായി ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും തകര്‍പ്പന്‍ പ്രകടനമായിരുന്നു ഹര്‍ദിക് പാണ്ഡ്യ നടത്തിയത്. ഒമ്പത് പന്തില്‍ പുറത്താവാതെ 22 നേടികൊണ്ടായിരുന്നു ഹര്‍ദിക്കിന്റെ തകര്‍പ്പന്‍ പ്രകടനം. 2444.44 പ്രഹര ശേഷിയില്‍ ബാറ്റ് വീശിയ താരം മൂന്നു ഫോറുകളും ഒരു സിക്‌സുമാണ് നേടിയത്. ബൗളിങ്ങില്‍ രണ്ട് വിക്കറ്റുകളും ഹര്‍ദിക് വീഴ്ത്തി. ശ്രീലങ്കന്‍ താരങ്ങളായ കുശാല്‍ പെരേര, കാമിന്ദു മെന്‍ഡീസ് എന്നിവരെയാണ് താരം പുറത്താക്കിയത്.

ഈ തകര്‍പ്പന്‍ പ്രകടങ്ങള്‍ക്ക് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രി. ഹര്‍ദിക് ഇന്ത്യക്കായി കളിക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്നാണ് രവിശാസ്ത്രി പറഞ്ഞത്. ഐ.സി.സി റിവ്യൂവിന്റെ ഏറ്റവും പുതിയ എഡിഷനിലൂടെയാണ് മുന്‍ ഇന്ത്യന്‍ താരം ഇക്കാര്യം പറഞ്ഞത്.

‘അദ്ദേഹം തുടര്‍ന്നും ക്രിക്കറ്റ് കളിക്കുക എന്നുള്ളത് വളരെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. മാര്‍ച്ച് ഫിറ്റ്‌നസ് വളരെ പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ടി-20 ക്രിക്കറ്റില്‍ എന്തുതന്നെയായാലും അവന്‍ കഴിയുന്നത്ര കളിക്കണം. അവന്‍ ശക്തനും യോഗ്യനും ആണെങ്കിൽ ഏകദിന ടീമിലും അവന്‍ ഇടം നേടും,’ രവി ശാസ്ത്രി പറഞ്ഞു.

 

Content Highlight: Ravi Shasthri Praises Hardik Pandya