| Friday, 16th August 2019, 6:39 pm

കൂടുതല്‍ മാര്‍ക്ക് ശാസ്ത്രിയ്ക്ക്; ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രി തുടരും

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി തുടരും. പരിശീലകസ്ഥാനത്തേക്കുള്ള അപേക്ഷകരില്‍ അവസാന ആറ് പേരുമായി നടത്തിയ അഭിമുഖത്തിനൊടുവില്‍ കപില്‍ ദേവ് അധ്യക്ഷനായ ക്രിക്കറ്റ് ഉപദേശക സമിതിയുടേതാണ് (സി.എ.സി)പ്രഖ്യാപനം.

കപിലിനെ കൂടാതെ അനുഷ്മാന്‍ ഗെയ്ക് വാദ്, ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി എന്നിവര്‍ കൂടി ഉള്‍പ്പെട്ടതാണ് ക്രിക്കറ്റ് ഉപദേശക സമിതി.

അഭിമുഖത്തില്‍ രവിശാസ്ത്രിയ്ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിച്ചുവെന്ന് കപില്‍ദേവ് പറഞ്ഞു. നിലവില്‍ വിന്‍ഡീസ് പര്യടനത്തിലുള്ള ശാസ്ത്രി സ്‌കൈപ്പ് വഴിയാണ് അഭിമുഖത്തില്‍ പങ്കെടുത്തത്.

ന്യൂസിലാന്റ് കോച്ച് മൈക്ക് ഹസന്‍, മുന്‍ ആസ്ട്രേലിയന്‍ ഓള്‍റൗണ്ടറും ശ്രീലങ്കയുടെ കോച്ചുമായ ടോം മൂഡി, എന്നിവര്‍ രവി ശാസ്ത്രിയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി. അഭിമുഖത്തില്‍ മൈക്ക് ഹസന്‍ രണ്ടാമതും ടോം മൂഡി മൂന്നാമതുമായി.

2021 ടി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലാവധി. ഇത് മൂന്നാം തവണയാണ് ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തെത്തുന്നത്. 2014 മുതല്‍ 2016 വരെ ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രി 2017 ല്‍ അനില്‍ കുംബ്ലെ പരിശീലകസ്ഥാനത്ത് നിന്ന് രാജിവെച്ചതോടെയാണ് മുഖ്യപരിശീലകനാകുന്നത്.

സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉള്‍പ്പെട്ടിരുന്ന ക്രിക്കറ്റ് ഉപദേശകസമിതിയാണ് 2017ല്‍ രവി ശാസ്ത്രിയെ പരിശീലകനായി തെരഞ്ഞെടുത്തത്. അന്നും ടോം മൂഡി, രവി ശാസ്ത്രിയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

രവി ശാസ്ത്രിയ്ക്ക് കീഴില്‍ ഇന്ത്യ ആദ്യമായി ആസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഇന്ത്യ ഏകദിനപരമ്പര ജയിച്ചതും ശാസ്ത്രിയ്ക്ക് കീഴിലായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്കുള്ള അപേക്ഷകരില്‍ ആറ് പേരെ നേരേെത്ത ബി.സി.സി.ഐ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. ശാസ്ത്രി, ടോം മൂഡി, മൈക്ക് ഹസന്‍ എന്നിവരെ കൂടാതെ അഫ്ഗാനിസ്ഥാന്‍ കോച്ചും വെസ്റ്റ് ഇന്‍ഡീസ് ഔള്‍റൗണ്ടറുമായ ഫില്‍ സിമ്മന്‍സ്, മുന്‍ ഇന്ത്യന്‍ ടീം മാനേജര്‍ ലാല്‍ചന്ദ് രജ്പുത്, മുന്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് കോച്ച് റോബിന്‍ സിംഗ് എന്നിവരാണ് അപേക്ഷകരില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്.

വിന്‍ഡീസ് പര്യടനത്തിന് മുന്‍പ് ശാസ്ത്രി തന്നെ പരിശീലകസ്ഥാനത്ത് തുടരണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more