|

ഒടുവില്‍ പ്രതികരണം; ഗാംഗുലിക്കെതിരെ ആഞ്ഞടിച്ച് രവിശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോഹ് ലിയുടെ നായകസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെടാതെ പുകയുകയാണ്. ഒടുവില്‍ വിരാടും ബി.സി.സി.ഐയും തമ്മിലുള്ള പരസ്യമായ പോരിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ പരിശീലകന്‍ രവിശാസ്ത്രി.

ഇപ്പോള്‍ ഈ വിഷയം കൈകാര്യം ചെയ്ത രീതി പൂര്‍ണമായും ശരിയായില്ലെന്നും ഇതിനേക്കാള്‍ മികച്ച രീതിയില്‍ ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

”വിരാട് തന്റെ ഭാഗം കൃത്യമായി അവതരിപ്പിച്ചു. അതുപോലെ ബി.സി.സി.ഐ അധ്യക്ഷനും തന്റെ ഭാഗം പറയേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷേ ഇരുവരും തമ്മില്‍ നല്ല കമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ സാഹചര്യത്തെ ഇതിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു,’ രവിശാസ്ത്രി പറയുന്നു.

ടി20 ലോകകപ്പോടെ കുട്ടിക്രിക്കറ്റിന്റെ നായകസ്ഥാനം ഒഴിഞ്ഞ കോഹ്‌ലി ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ വൈറ്റ്‌ബോള്‍ ഫോര്‍മാറ്റില്‍ ഒരു ക്യാപ്റ്റന്‍ മതിയെന്ന കാരണം ചൂണ്ടിക്കാട്ടി സെലക്ടര്‍മാര്‍ കോഹ്‌ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പുറത്താക്കുകയായിരുന്നു,

എന്നാല്‍ താന്‍ ഇക്കാര്യം മുന്നേ അറിഞ്ഞിരുന്നില്ലെന്നും ബി.സി.സി.ഐയുടെ തീരമാനത്തിന് ഒന്നര മണിക്കൂര്‍ മുന്‍പ് മാത്രമാണ് താന്‍ ഇതറിഞ്ഞതെന്നും വ്യക്തമാക്കി കോഹ്‌ലി നടത്തിയ പത്രസമ്മേളനം നിരവധി വിവാദങ്ങള്‍ക്കായിരുന്നു വഴി തുറന്നത്. പത്രസമ്മേളനത്തില്‍ ഗാംഗുലിക്കെതിരെയും താരം രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

എന്നാല്‍ കോഹ്ലിയുടെ പത്രസമ്മേളനത്തിന് പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ സെലക്ടേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയോട് ബി.സി.സി.ഐ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനി പരസ്യ പ്രസ്താവനകളോ പത്ര സമ്മേളനമോ വേണ്ടെന്നായിരുന്നു ബി.സി.സി.ഐയുടെ നിലപാട്. ഇതിനെതിരെയാണ് രവിശാസ്ത്രി രംഗത്ത് വന്നിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Ravi Shasthri against BCCI and Ganguly