കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എം.എസ് ധോണി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമാണെന്ന് പരിശീലകന്‍ രവി ശാസ്ത്രി. ധോണി അടുത്ത ലോകകപ്പില്‍ ടീമിനൊപ്പമുണ്ടാകുമോയെന്ന ചോദ്യം ഉയരുന്നതിനിടെയാണ് പരിശീലകന്‍ തന്നെ കാര്യങ്ങളില്‍ വ്യക്തതയുമായി രംഗത്തെത്തിയിരിക്കുന്നത്.
ധോണിയെ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേ ഇല്ലെന്നും അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങള്‍ ഇനിയും വരാനിരിക്കുന്നതേ ഉള്ളെന്നും ശാസ്ത്രി പറഞ്ഞു. 2019 ലെ ലോകകപ്പില്‍ ധോണിക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനുണ്ടെന്ന് രവി ശാസ്ത്രി പറഞ്ഞു.
“ധോണിയ്ക്ക് ഇന്ത്യന്‍ ടീമിലുള്ള സ്വാധീനം വളരെ വലുതാണ്. ഡ്രസിംഗ് റൂമിലെ ഒരു ജീവിക്കുന്ന ഇതിഹാസമാണ് ധോണി. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് നല്‍കുന്ന പ്രചോദനം വളരെ വലുതാണ്.”
ചിലര്‍ക്ക് അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ കാര്യമല്ലായിരിക്കാം. എന്നാല്‍ ധോണി എല്ലാക്കാലത്തും ടീമിന് മുതല്‍ക്കൂട്ടാണെന്ന് ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഏകദിന ക്രിക്കറ്റില്‍ ഇന്നും രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ അദ്ദേഹമാണ്. അപ്പോള്‍ അങ്ങനെയൊരു സംശയത്തിന് പ്രസക്തിയില്ലെന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു.
“നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് വെറും ട്രെയിലറാണ്. സിനിമ തുടങ്ങാനിരിക്കുന്നതേയുള്ളൂ.”
ടീമിന് ഉചിതമായ സമയത്ത് അദ്ദേഹം സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കുന്നു. അദ്ദേഹത്തിന്റെ ശാരീരികക്ഷമതയില്‍ തന്നെ വ്യക്തമാകും എത്രത്തോളം കഠിനാധ്വാനിയാണെന്ന്.
ശ്രീലങ്കയില്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ എംഎസ് ധോണി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മൂന്ന് മത്സരങ്ങളില്‍ 45*, 67*, 49* എന്നിങ്ങനെയായിരുന്നു ധോണിയുടെ സ്‌കോറിംഗ്. രണ്ടാം ഏകദിനത്തില്‍ ഭുവനേശ്വറുമൊത്തുള്ള ധോണിയുടെ കൂട്ടുകെട്ടാണ് ഇന്ത്യയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
ശ്രീലങ്കയ്‌ക്കെതിരായ നാലം ഏകദിനത്തിലൂടെ ധോണി ഏകദിന ക്രിക്കറ്റില്‍ 300 മത്സരങ്ങളും ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താകാതെ നിന്ന താരമെന്ന ലോകറെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.