ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗസ്. ഐ.പി.എല്ലില്‍ രണ്ടാമതായി ഏറ്റവുമധികം കപ്പുയര്‍ത്തിയ ടീമാണ് ചെന്നൈ. കളിച്ച രണ്ട് സീസണിലൊഴികെ ഐ.പി.എല്ലിന്റെ ടോപ്പ് ഫോറിലെത്താനും ടീമിന് സാധിച്ചിരുന്നു.
മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയാണ് സൂപ്പര്‍ കിംഗസിന്റെ പടനായകന്‍. താരത്തിന് കീഴില്‍ മികച്ച നേട്ടങ്ങളും കപ്പുകളും സ്വന്തമാക്കിയ സി.എസ്.കെയെ സംബന്ധിച്ച് ഈ സീസണിലെ പ്രകടനം ശരാശരിക്ക് താഴെ ആയിരുന്നു.
കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്‍മാരായി വന്ന സൂപ്പര്‍ കിംഗ്സ് വെറും നാല് കളി മാത്രമാണ് ഈ സീസണില്‍ ജയിച്ചത്. കളിച്ച പതിനാലില്‍ പത്തും തോറ്റ് പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ് സി.എസ്.കെ ഫിനിഷ് ചെയ്തത്.
ഈ സാഹചര്യത്തിലാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നത്. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയുമായുള്ള അഭിമുഖത്തിലാണ് ശാസ്ത്രിയുടെ തുറന്നു പറച്ചില്‍.
സൂപ്പര്‍ കിംഗ്സ് റെയ്‌നയെ പോലെ ഒരു കളിക്കാരനെ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസസ്ത്രിയുടെ അഭിപ്രായം. സി.എസ്.കെയുടെ എക്കാലത്തേയും മികച്ച ബാറ്ററാണ് സുരേഷ് റെയ്ന.
‘വര്‍ഷങ്ങളായുള്ള സി.എസ്.കെയുടെ മുന്നേറ്റത്തില്‍ പ്രധാനിയായിരുന്നു റെയ്ന. ഐ.പി.എല്ലില്‍ അദ്ദേഹം കഴിവ് തെളിയിച്ച കളിക്കാരനാണ്. റെയ്‌ന മൂന്നാം നമ്പറില്‍ ഉണ്ടാകുന്ന അടിത്തറയില്‍ ബാക്കിയുള്ള ബാറ്റര്‍മാര്‍ക്ക് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കല്‍ എളുപ്പമായിരുന്നു,’ ശാസ്ത്രി പറയുന്നു.
4,678 റണ്ണുകളുമായി സൂപ്പര്‍ കിംഗ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നതും റെയ്‌ന തന്നെയാണ്. സി.എസ്.കെ പ്ലേ ഓഫിന് യോഗ്യത നേടാത്ത രണ്ട് സീസണുകളിലും റെയ്ന ടീമില്‍ അംഗമല്ലായിരുന്നു. ഇതുകൊണ്ടു തന്നെയാണ് ഫാന്‍സ് തല ധോണിക്ക് ശേഷം ‘ചിന്നത്തല’യായി റെയ്‌നയെ ആരാധിക്കുന്നതും ടീമിന്റെ ‘ലക്കി ചാം’ എന്ന് വിളിക്കുന്നതും.
2022 ഐ.പി.എല്ലിന് മുന്നോടിയായുള്ള മെഗാലേലത്തില്‍ ടീം റെയ്‌നയെ വിട്ടുകളയുകയായിരുന്നു. മറ്റു ടീമുകളൊന്നും തന്നെ റെയ്‌നയെ സ്വന്തമാക്കാന്‍ മിനക്കെടാതിരുന്നപ്പോള്‍ മിസ്റ്റര്‍ ഐ.പി.എല്ലിന് സീസണ്‍ നഷ്ടമാവുകയായിരുന്നു.
Content Highlight: Ravi Shasthi about Chennai Super Kings and Suresh Raina