രോഹിത്തും വിരാടും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണം, അതിന് രണ്ട് കാരണങ്ങളുണ്ട്: രവി ശാസ്ത്രി
Sports News
രോഹിത്തും വിരാടും ആഭ്യന്തര മത്സരങ്ങള്‍ കളിക്കണം, അതിന് രണ്ട് കാരണങ്ങളുണ്ട്: രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th January 2025, 6:43 pm

നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സിഡ്‌നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ച് മത്സരങ്ങളില്‍ 3-1ന് ഓസീസ് വിജയം സ്വന്തമാക്കുകയായിരുന്നു. പരമ്പരയില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രോഹിത് ശര്‍മയ്ക്ക് മികവ് പുലര്‍ത്താന്‍ സാധിച്ചില്ലായിരുന്നു. രോഹിത്തിന് പുറമെ വിരാട് കോഹ്‌ലിക്ക് പെര്‍ത്തില്‍ നടന്ന ഒരു മത്സരം മാത്രമാണ് പറയാനുള്ളത്.

ഇപ്പോള്‍ ഇരുവരും ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി. ഇരുവരുമായി ഡ്രസിങ് റൂം പങ്കിടുന്നത് യുവ താരങ്ങള്‍ക്ക് വലിയ പ്രചോദനമാണെന്നും ആഭ്യന്തര മത്സരത്തില്‍ നിരവധി സ്പിന്നര്‍മാരെ നേരിടാനുള്ള അവസരവും താരങ്ങള്‍ക്ക് ലഭിക്കുമെന്ന് ശാസ്ത്രി പറഞ്ഞു.

‘ഒരു ഇടവേളയുണ്ടെങ്കില്‍ അവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം. രണ്ട് കാരണങ്ങളാല്‍ ആഭ്യന്തര മത്സരങ്ങളുടെ ഭാഗമാകേണ്ടത് പ്രധാനമാണ്. യുവ കളിക്കാരുമായി ഒരു ഡ്രസിങ് റൂം പങ്കിടാന്‍ ഇത് നിങ്ങളെ അനുവദിക്കുന്നു, നിങ്ങളുടെ അനുഭവം അവരെ സഹായിക്കും. രണ്ടാമത്തെ കാരണം സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യുന്നതാണ്. നിങ്ങള്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്പിന്നര്‍മാരെ കളിക്കാന്‍ കഴിയും,

ന്യൂസിലാന്‍ഡിനെതിരായ മത്സരം ഇത് തുറന്ന് കാട്ടി, ഓസ്ട്രേലിയയില്‍ അവരുടെ പ്രകടനം മികച്ചതായിരുന്നില്ല. അവരാണ് അവരുടെ ഭാവി തീരുമാനിക്കാന്‍ പോകുന്നത്. അത് അവരുടെ കളിയോടുള്ള അഭിനിവേശത്തെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ അടുത്തതായി ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിക്കും,’ രവി ശാസ്ത്രി ഐ.സി.സിയോട് പറഞ്ഞു.

കഴിഞ്ഞ 10 ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ രോഹിത്തിന് സാധിച്ചില്ല. പരമ്പരയിലെ രണ്ട് മത്സരത്തില്‍ നിന്ന് വെറും 19 റണ്‍സ് മാത്രമാണ് താരം നേടിയത്. പെര്‍ത്തിലെ ടെസ്റ്റില്‍ വ്യക്തിപരമായ കാരണംകൊണ്ട് മാറിനിന്നപ്പോള്‍ ബുംറ ഇന്ത്യയെ നയിച്ച് വിജയം നേടിയിരുന്നു. മോശം പ്രകടനത്തെത്തുടര്‍ന്ന് വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സിഡ്‌നി ടെസ്റ്റിലും രോഹിത് ശര്‍മ ക്യാപ്റ്റന്‍സി ബുംറയ്ക്ക് വിട്ടുകൊടുത്ത് ഇലവനില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

സിഡ്നിയില്‍ നടന്ന അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സിന് പുറത്തായ വിരാട് കോഹ്ലി രണ്ടാം ഇന്നിങ്‌സിലും ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയാണ് പുറത്തായത്. മത്സരത്തില്‍ രണ്ടാം തവണയും സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ എഡ്ജില്‍ കുരുങ്ങിയാണ് താരം പുറത്തായത്. 12 പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ വെറും ആറ് റണ്‍സാണ് താരം നേടിയത്. പരമ്പരയില്‍ വെറും 190 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.

Content Highlight: Ravi Shasrti Talking About Virat Kohli And Rohit Sharma