ഇന്ത്യ നാളെ നാഗ്പൂരിലേക്കിറങ്ങുകയാണ്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായുള്ള പോരാട്ടമാണ് വിദര്‍ഭയില്‍ ആരംഭിക്കാനിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൈലാറ്ററല്‍ സീരീസ് ടൈറ്റിലുകളിലൊന്നിനായി ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം കൊമ്പുകോര്‍ക്കും.
ഇതുവരെ കളിച്ച 15ല്‍ ഒമ്പത് തവണയും ഇന്ത്യ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തങ്ങളുടെ ഷെല്‍ഫിലെത്തിച്ചപ്പോള്‍ അഞ്ച് തവണ മാത്രമാണ് ദി മൈറ്റി ഓസീസിന് അലന്‍ ബോര്‍ഡറിന്റെ ലെഗസി കാക്കാന്‍ സാധിച്ചത്.
തുടര്‍ച്ചയായി മൂന്ന് തവണ ട്രോഫി സ്വന്തമാക്കിയ ഇന്ത്യ സ്വന്തം മണ്ണില്‍ വീണ്ടും ആ നേട്ടം ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. 2015ന് ശേഷം ഇന്ത്യയോടെ ജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന പോരായ്മ മറികടക്കണം എന്നത് മാത്രമാണ് നിലവില്‍ കങ്കാരുക്കളുടെ ലക്ഷ്യം.
പോരാട്ടത്തിന്റെ രണഭേരി മുഴങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്റെ പഴയ ശിഷ്യന്‍മാരോട് ട്രോഫി ഒരിക്കല്‍ക്കൂടി സ്വന്തമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് രവി ശാസ്ത്രി. വെറുതെ വിജയിച്ചാല്‍ പോരെന്നും 4-0ന് സീരീസ് സ്വന്തമാക്കണമെന്നുമാണ് ശാസ്ത്രി ആവശ്യപ്പെടുന്നത്.
ഐ.സി.സിയുമായി നടന്ന ഇന്ററാക്ഷനിലായിരുന്നു ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.
‘നമ്മള്‍ സ്വന്തം മണ്ണിലാണ് കളിക്കുന്നത്. ഇന്ത്യ 4-0ന് തന്നെ പരമ്പര സ്വന്തമാക്കാന്‍ ശ്രമിക്കണം. അക്കാര്യത്തില്‍ ഞാന്‍ കണിശക്കാരനാണ്. രണ്ട് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഞാന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഞാന്‍ കോച്ചായി ഇരിക്കുകയാണെങ്കില്‍ എങ്ങനെ ഓസീസിനെ 4-0ന് തോല്‍പ്പിക്കാം എന്നത് മാത്രമേ എന്റെ മനസിലുണ്ടാകൂ.
എനിക്കവരെ വലിച്ചു കീറണം. ആരെങ്കിലും എന്നോട് ഏത് തരത്തിലുള്ള പിച്ച് ആണ് വേണ്ടതെന്ന് ചോദിക്കുകയാമെങ്കില്‍ ആ മറുപടിക്കായി തന്നെ ഒരുങ്ങിയിരിക്കണം.
നിങ്ങള്‍ക്ക് ടോസ് നഷ്ടപ്പെടുകയാണെങ്കില്‍ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ നിങ്ങള്‍ പന്തുകൊണ്ട് ആക്രമിക്കണം. അതാണ് എനിക്ക് വേണ്ടത്, അവിടെ നിന്നുമാണ് ബാക്കി മത്സരം മുന്നോട്ട് പോകേണ്ടത്,’ ശാസ്ത്രി പറഞ്ഞു.
ശാസ്ത്രിയുടെ ആവശ്യപ്രകാരം പരമ്പര വൈറ്റ്‌വാഷ് ചെയ്യുകയാണെങ്കില്‍ ഏറെ നേട്ടങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അതില്‍ പ്രധാനം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രവേശനം തന്നെയാണ്.
കഴിഞ്ഞ സൈക്കിളില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യക്ക് കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കാനുള്ള അവസരം കൂടിയാണിത്.