| Thursday, 10th January 2019, 11:35 am

യേശുദാസിന്റെ സംഗീതത്തിലെ സ്‌കോട്ടിഷ് സ്പര്‍ശം

രവി മേനോന്‍

കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ ഐതിഹാസികമായ സംഗീത ജീവിതത്തിന് ഒരു “സ്‌കോട്ടിഷ്” സ്പര്‍ശം കൂടി ഉണ്ടെന്നറിയുക. മാധ്യമലോകത്തെ അതികായനായ ബ്രയന്‍ നിക്കോള്‍സിന് നന്ദി.

ലോകം കണ്ട ഏറ്റവും ആദരണീയരായ പത്രാധിപന്മാരില്‍ ഒരാള്‍. “ഗ്ലാസ്‌ഗോ ഈവനിംഗ് ന്യൂസ്” പത്രത്തില്‍ വെറുമൊരു കോപ്പി ബോയ് ആയി തുടങ്ങി ഗള്‍ഫ് ടൈംസിന്റെ സ്ഥാപക പത്രാധിപ പദവി വരെ എത്തിയ സ്‌കോട്ട്‌ലണ്ടുകാരന്‍ ബ്രയന്‍ നിക്കോള്‍സ് അടുത്ത കാലത്താണ് കഥാവശേഷനായത്.

എലിസബത്ത് രാജ്ഞി, ഫലസ്തീന്‍ നേതാവ് യാസര്‍ അരാഫത്ത്, ഹോളിവുഡ് നടി സോഫിയ ലോറന്‍ തുടങ്ങിയ പ്രമുഖ വ്യക്തികളുമായി നിക്കോള്‍സ് നടത്തിയ അഭിമുഖങ്ങള്‍ പത്രപ്രവര്‍ത്തന വിദ്യാര്‍ഥികള്‍ക്ക് വിലപ്പെട്ട പരിശീലന പാഠങ്ങളാണിന്നും.

ബ്രയന്‍ നിക്കോള്‍സ്

ഗായകന്‍ എന്ന നിലയില്‍ യേശുദാസിന്റെ വളര്‍ച്ചയില്‍ ബ്രയന്‍ നിക്കോള്‍സിനും ഉണ്ടൊരു പങ്ക്. യേശുദാസിനെ കുറിച്ച് മലയാള പത്രങ്ങളില്‍ ആദ്യമായി അടിച്ചു വന്ന ഏറ്റവും ശ്രദ്ധേയമായ കുറിപ്പ് നിക്കോള്‍സിന്റെതായിരുന്നു. അതിനു മുന്‍പും ദാസിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും “”സായിപ്പി””ന്റെ നിരീക്ഷണങ്ങളോളം സുചിന്തിതമായിരുന്നില്ല അവ.

ബെര്‍ക് ഷയറില്‍ ജനിച്ച് ഗ്ലാസ്‌ഗോയില്‍ വളര്‍ന്ന നിക്കോള്‍സ് സ്‌കോട്ട്‌ലണ്ടിലും ഇംഗ്ലണ്ടിലും വിവിധ പത്രങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ശേഷം 1978 ലാണ് ഭാര്യ ഡൊറോത്തിയോടൊപ്പം ഖത്തറില്‍ ഗള്‍ഫ് ടൈംസിനു തുടക്കമിടുന്നത്. തുടര്‍ന്ന് ഒരു വ്യാഴവട്ടക്കാലം ടൈംസിന്റെ മുഖ്യ പത്രാധിപസ്ഥാനം വഹിക്കുന്നതിനിടെ മലയാളികള്‍ ഉള്‍പ്പെടെ കഴിവുറ്റ യുവ പത്രപ്രവര്‍ത്തകരുടെ ഒരു തലമുറയെ തന്നെ വാര്‍ത്തെടുക്കാന്‍ നിക്കോള്‍സിന് കഴിഞ്ഞു. ജാസ് സംഗീതവും കുതിരപ്പന്തയവുമായിരുന്നു അദ്ദേഹത്തിന്റെ പ്രിയ മേഖലകള്‍. രണ്ടിനെക്കുറിച്ചും നിക്കോള്‍സ് എഴുതിയ ആസ്വാദനങ്ങള്‍ പത്രപ്രവര്‍ത്തന ചരിത്രത്തിന്റെ ഭാഗം.

പത്രപ്രവര്‍ത്തന പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് 1965 ല്‍ ഇന്ത്യയില്‍ എത്തിയ നിക്കോള്‍സ് യാദൃച്ഛികമായാണ് യേശുദാസിന്റെ ആലാപനം കേള്‍ക്കുന്നത്. ഒരു വൈകുന്നേരം കോട്ടയം നഗരത്തിലൂടെ നടക്കുന്നതിനിടെ പാട്ട് കേട്ട് കൗതുകപൂര്‍വ്വം മാമ്മന്‍ മാപ്പിള ഹാളില്‍ കയറി നോക്കിയതാണ് അദ്ദേഹം. വേദിയില്‍ ഇരുന്ന് ഒരു ചെറുപ്പക്കാരന്‍ മനോഹരമായി പാടുന്നു. ജനം അത് കേട്ട് തരിച്ചിരിക്കുന്നു. ആ ശബ്ദത്തിന്റെ മാസ്മരികതയില്‍ വീണു പോയ നിക്കോള്‍സ് വരാന്തയില്‍ ഇരുന്നു ഗാനമേള മുഴുവന്‍ കേട്ട ശേഷമേ തിരിച്ചു പോയുള്ളൂ. പിറ്റേന്ന് തന്നെ മനോരമയ്ക്ക് വേണ്ടി തന്റെ അനുഭവം വിവരിച്ചു വികാര നിര്‍ഭരമായ ഒരു കുറിപ്പും അദ്ദേഹം എഴുതി. വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിക്കപ്പെട്ട ആ കുറിപ്പില്‍, വരാനിരിക്കുന്നത് യേശുദാസിന്റെ നാളുകള്‍ ആണെന്ന് വ്യക്തമായി പ്രവചിച്ചിരുന്നു അദ്ദേഹം..”” നിക്കോള്‍സിന്റെ ശിഷ്യനും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ബാബു മേത്തര്‍ പറയുന്നു.

കേരളം വിട്ട ശേഷവും യേശുദാസിനെ മറന്നില്ല നിക്കോള്‍സ്. സമീപത്തെവിടെയെങ്കിലും ദാസിന്റെ ഗാനമേള ഉണ്ടെന്നറിഞ്ഞാല്‍ — അത് അയല്‍ രാജ്യത്താണെങ്കില്‍ പോലും — മുടങ്ങാതെ കേള്‍ക്കാനെത്തും അദ്ദേഹം. ഗള്‍ഫ് ടൈംസിലെ ഉദ്യോഗപര്‍വത്തിനിടെ ഒരിക്കല്‍ ദോഹയിലെ ഒരു സംഗീത പരിപാടിക്ക് നിക്കോള്‍സിനെ അനുഗമിച്ചതോര്‍ക്കുന്നു ഏറെക്കാലം അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്തിട്ടുള്ള മേത്തര്‍. ആറു പതിറ്റാണ്ടു നീണ്ട മാധ്യമ ജീവിതത്തിനിടെ നിരവധി പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു നിക്കോള്‍സ്. ഡാര്‍ലിംഗ്ടണ്‍ ഈവനിംഗ് ഡസ്പാച്ച്, നോര്‍ത്തേണ്‍ എക്കോ, മാഞ്ചസ്റ്റര്‍ സണ്‍ഡേ എക്‌സ്പ്രസ്സ്, ഡെയിലി ഹെറാള്‍ഡ്, സണ്‍ഡേ സിറ്റിസണ്‍ എന്നിവ അവയില്‍ ചിലതു മാത്രം. ഏറ്റവുമൊടുവില്‍ അസോഷ്യേറ്റ് എഡിറ്ററായി വിരമിച്ചത് ന്യൂകാസിലിലെ ദി ജേണല്‍ പത്രത്തില്‍ നിന്ന്. 2018 മെയ് 10 ന് എഴുപത്തിയൊമ്പതാം വയസ്സിലാണ് നിക്കോള്‍സ് ഓര്‍മ്മയായത്.

“”തുടക്കക്കാരന്‍ എന്ന നിലയില്‍ എനിക്ക് ഏറെ ഗുണം ചെയ്ത ലേഖനം ആണത്. പിന്നീട് എത്രയോ പേര്‍ എന്നെ കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും നിക്കോള്‍സിന്റെ സൗമനസ്യം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല.””- യേശുദാസിന്റെ വാക്കുകള്‍.

WATCH THIS VIDEO:

രവി മേനോന്‍

മാധ്യമപ്രവര്‍ത്തകന്‍, സിനിമാ സംഗീത ഗ്രന്ഥകര്‍ത്താവ്, നിരൂപകന്‍

We use cookies to give you the best possible experience. Learn more