| Monday, 7th December 2020, 9:12 pm

കര്‍ഷക സമരത്തിലെ പൊലീസ് അതിക്രമത്തിന്റെ പ്രതീകമായി മാറിയ ചിത്രം പകര്‍ത്തിയ ഫോട്ടോ ജേണലിസ്റ്റിന് നേരെ ആക്രമണം; അക്രമികളെത്തിയത് കേന്ദ്രസര്‍ക്കാരിന്റെ വാഹനത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: കര്‍ഷക സമരത്തിലെ പൊലീസ് അതിക്രമത്തിന്റെ പ്രതീകമായി മാറിയ ചിത്രം പകര്‍ത്തിയ ഫോട്ടോജേണലിസ്റ്റിന് നേരെ ആക്രമണം. പി.ടി.ഐ ഫോട്ടോ ജേണലിസ്റ്റും ദല്‍ഹി സ്വദേശിയുമായ രവി ചൗധരിക്കാണ് മര്‍ദനമേറ്റത്.

കേന്ദ്ര സര്‍ക്കാര്‍ മുദ്രയുള്ള ബൊലേറോ ജീപ്പിലെത്തിയ സംഘം തന്നെ അക്രമിച്ചതായി ഇദ്ദേഹം ട്വീറ്റ് ചെയ്തു. അക്രമികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും ഉത്തര്‍പ്രദേശിലെ മുറാദ് നഗര്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്ന് രവി ചൗധരി
പറഞ്ഞു.

ദല്‍ഹിയില്‍ നടന്ന് കൊണ്ടിരിക്കുന്ന കര്‍ഷക സമരത്തിനിടെ പൊലീസുകാരന്‍ വൃദ്ധനായ കര്‍ഷകനെ ലാത്തികൊണ്ടടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

പഞ്ചാബിലെ കപുര്‍തല സ്വദേശിയായ 60 കാരനായ സുഖ്ദേവാണ് ചിത്രത്തിലെ കര്‍ഷകന്‍. തന്നെ പൊലീസ് നിരവധി തവണ മര്‍ദ്ദിച്ചെന്ന് സുഖ്ദേവ് സിംഗ് പറഞ്ഞിരുന്നു.

ലാത്തി കൊണ്ട് വൃദ്ധനെ അടിക്കുന്ന ചിത്രം രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഇത് നുണയാണെന്നും ഇദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നുമാണ് പ്രചരിപ്പിച്ചിരുന്നത്.

കഴിഞ്ഞ ദിവസം ബി.ജെ.പി ഐ. ടി സെല്‍ തലവന്‍ അമിത് മാളവ്യ കര്‍ഷകനെ പൊലീസ് മര്‍ദ്ദിച്ചുവെന്ന സംഭവം വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. കര്‍ഷകനെ പൊലീസ് തല്ലുന്നതായി പുറത്ത് വന്ന ചിത്രത്തിന്റെ സത്യാവസ്ഥയെന്ന പേരില്‍ അമിത് മാളവ്യ ഒരു വീഡിയോയും പങ്കുവെച്ചിരുന്നു.

എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് കാണിച്ച് ട്വിറ്റര്‍ ഇന്ത്യ തന്നെ രംഗത്തെത്തിയിരുന്നു.

കര്‍ഷകനെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നു. ഇതിനെതിരെയായിരുന്നു മാളവ്യയുടെ പോസ്റ്റ്. ഇന്ത്യ കണ്ട ഏറ്റവും നിന്ദ്യനായ പ്രതിപക്ഷ നേതാവായിരിക്കും രാഹുല്‍ ഗാന്ധിയെന്ന അധിക്ഷേപ പരാമര്‍ശത്തോടൊപ്പമായിരുന്നു മാളവ്യയുടെ ട്വീറ്റ്.

എന്നാല്‍ മാളവ്യയുടെ ട്വീറ്റ് വ്യാജമാണെന്ന് കാണിച്ച് ആള്‍ട്ട് ന്യൂസ് അടക്കമുള്ള ഫാക്ട് ചെക്കിംഗ് മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ravi Choudhary attacked Delhi PTI Photo Journalist Farmers Protest

We use cookies to give you the best possible experience. Learn more