ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ മണ്ണില്‍ പര്യടനം നടത്തുകയാണ് ഓസ്‌ട്രേലിയ. അഞ്ച് ടി-20കളടങ്ങിയ പരമ്പരയാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം വിശാഖപട്ടണത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മോശമല്ലാത്ത തുടക്കമാണ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും മാറ്റ് ഷോര്‍ട്ടും കങ്കാരുക്കള്‍ക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 31 റണ്‍സ് ഇവര്‍ ടോട്ടലിലേക്ക് സംഭാവന നല്‍കിയത്.
ടീം സ്‌കോര്‍ 31ല്‍ നില്‍ക്കവെ ഷോര്‍ട്ടിനെ പുറത്താക്കി രവി ബിഷ്‌ണോയാണ് ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കിയത്. 11 പന്തില്‍ 13 റണ്‍സ് നേടി നില്‍ക്കവെ ബിഷ്‌ണോയ് ഷോര്‍ട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ആദ്യ ഓവറില്‍ മോശമല്ലാത്ത രീതിയില്‍ പന്തെറിഞ്ഞെങ്കിലും തുടര്‍ന്നുള്ള ഓവറുകളില്‍ ബിഷ്‌ണോയ് റണ്‍ വഴങ്ങിയിരുന്നു. ഷോര്‍ട്ടിന് ശേഷം ക്രീസിലെത്തിയ ജോഷ് ഇംഗ്ലിസും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ബിഷ്‌ണോയ് അടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചിരുന്നു.
നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ബിഷ്‌ണോയ് നേടിയത്. 13.50 എന്ന എക്കോണമിയിലാണ് താരം റണ്‍സ് വഴങ്ങിയത്.
ഈ പ്രകടനത്തിന് പിന്നാലെ പല മോശം റെക്കോഡുകളും ബിഷ്‌ണോയ്‌യെ തേടിയെത്തിയിരുന്നു. ഒരു ടി-20 മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ വഴങ്ങുന്ന രണ്ടാമത് ഇന്ത്യന്‍ താരം എന്ന മോശം റെക്കോഡാണ് ബിഷ്‌ണോയ് സ്വന്തമാക്കിയത്. ആറ് സിക്‌സറാണ് ബിഷ്‌ണോയ് തന്റെ സ്‌പെല്ലില്‍ വിട്ടുകൊടുത്തത്.
ഒരു ടി-20 മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ വഴങ്ങിയ ഇന്ത്യന്‍ താരങ്ങള്‍
(താരം – എതിരാളികള്‍ – വഴങ്ങിയ സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
യൂസ്വേന്ദ്ര ചഹല്‍ – സൗത്ത് ആഫ്രിക്ക – 7 – 2018
രവീന്ദ്ര ജഡേജ – ഓസ്‌ട്രേലിയ – 6 – 2010
ക്രുണാല്‍ പാണ്ഡ്യ – ഓസ്‌ട്രേലിയ – 6 – 2018
ഹര്‍ഷല്‍ പട്ടേല്‍ – അയര്‍ലാന്‍ഡ് – 6 – 2022
രവി ബിഷ്‌ണോയ് – ഓസ്‌ട്രേലിയ – 6 – 2023
ഇതിന് പുറമെ ഒരു ടി-20 മാച്ചില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന മൂന്നാമത് ഇന്ത്യന്‍ സ്പിന്നര്‍ എന്ന മോശം നേട്ടവും ബിഷ്‌ണോയ്‌യെ തേടിയെത്തി.
ഒരു ടി-20 മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ സ്പിന്നര്‍മാര്‍
(താരം – എതിരാളികള്‍ – വഴങ്ങിയ റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
യൂസ്വേന്ദ്ര ചഹല്‍ – സൗത്ത് ആഫ്രിക്ക – 64 – 2018
ക്രുണാല്‍ പാണ്ഡ്യ – ഓസ്‌ട്രേലിയ – 55 – 2018
യൂസുഫ് പത്താന്‍ – ശ്രീലങ്ക – 54 – 2009
ക്രുണാല്‍ പാണ്ഡ്യ – ന്യൂസിലാന്‍ഡ് – 54 – 2018
രവി ബിഷ്‌ണോയ് – ഓസ്‌ട്രേലിയ – 54 – 2023
അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. ജോഷ് ഇംഗ്ലിസിന്റെ സെഞ്ച്വറിയും സ്റ്റീവ് സ്മിത്തിന്റെ അര്‍ധ സെഞ്ച്വറിയുമാണ് കങ്കാരുക്കള്‍ക്ക് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്.
ഇംഗ്ലിസ് 50 പന്തില്‍ 110 റണ്‍സ് നേടി. 11 ഫോറും എട്ട് സിക്‌സറുമാണ് ഇംഗ്ലിസിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 41 പന്തില്‍ നിന്നും 52 റണ്‍സ് നേടിയാണ് സ്മിത് പുറത്തായത്.
ഇന്ത്യക്കായി രവി പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്‌ണോയ് യും ഓരോ വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സ്റ്റീവ് സ്മിത് റണ്‍ ഔട്ടായി പുറത്താവുകയായിരുന്നു.
Content Highlight: Ravi Bishnoi scripts two unwanted record in 1st T20 against Australia