ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ മണ്ണില്‍ പര്യടനം നടത്തുകയാണ് ഓസ്‌ട്രേലിയ. അഞ്ച് ടി-20കളടങ്ങിയ പരമ്പരയാണ് ഓസീസ് ഇന്ത്യയില്‍ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം വിശാഖപട്ടണത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മോശമല്ലാത്ത തുടക്കമാണ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും മാറ്റ് ഷോര്‍ട്ടും കങ്കാരുക്കള്‍ക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 31 റണ്‍സ് ഇവര്‍ ടോട്ടലിലേക്ക് സംഭാവന നല്‍കിയത്.
ടീം സ്‌കോര്‍ 31ല്‍ നില്‍ക്കവെ ഷോര്‍ട്ടിനെ പുറത്താക്കി രവി ബിഷ്‌ണോയാണ് ഇന്ത്യക്ക് ബ്രേക് ത്രൂ നല്‍കിയത്. 11 പന്തില്‍ 13 റണ്‍സ് നേടി നില്‍ക്കവെ ബിഷ്‌ണോയ് ഷോര്‍ട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ആദ്യ ഓവറില്‍ മോശമല്ലാത്ത രീതിയില്‍ പന്തെറിഞ്ഞെങ്കിലും തുടര്‍ന്നുള്ള ഓവറുകളില്‍ ബിഷ്‌ണോയ് റണ്‍ വഴങ്ങിയിരുന്നു. ഷോര്‍ട്ടിന് ശേഷം ക്രീസിലെത്തിയ ജോഷ് ഇംഗ്ലിസും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ബിഷ്‌ണോയ് അടക്കമുള്ള ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചിരുന്നു.
നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ബിഷ്‌ണോയ് നേടിയത്. 13.50 എന്ന എക്കോണമിയിലാണ് താരം റണ്‍സ് വഴങ്ങിയത്.
ഈ പ്രകടനത്തിന് പിന്നാലെ പല മോശം റെക്കോഡുകളും ബിഷ്‌ണോയ്‌യെ തേടിയെത്തിയിരുന്നു. ഒരു ടി-20 മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ വഴങ്ങുന്ന രണ്ടാമത് ഇന്ത്യന്‍ താരം എന്ന മോശം റെക്കോഡാണ് ബിഷ്‌ണോയ് സ്വന്തമാക്കിയത്. ആറ് സിക്‌സറാണ് ബിഷ്‌ണോയ് തന്റെ സ്‌പെല്ലില്‍ വിട്ടുകൊടുത്തത്.
അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. ജോഷ് ഇംഗ്ലിസിന്റെ സെഞ്ച്വറിയും സ്റ്റീവ് സ്മിത്തിന്റെ അര്‍ധ സെഞ്ച്വറിയുമാണ് കങ്കാരുക്കള്‍ക്ക് വമ്പന്‍ ടോട്ടല്‍ സമ്മാനിച്ചത്.
Maiden T20i century in just 47 balls by Inglish against India in India. What a power striking innings by Josh, a classy knock. pic.twitter.com/zPP6HIkGY7