ഐ.പി.എല്ലിന്റെ ആവേശം അലയടിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാമാങ്കത്തിന് കൊടിയേറാന്‍ ഇനി വെറും മൂന്ന് ദിവസത്തിന്റെ മാത്രം കാത്തിരിപ്പാണുള്ളത്.
ടൂര്‍ണമെന്റിലെ പത്ത് ടീമുകളും കിരീടം നേടാനുറച്ച് തന്നെയാണ് കളത്തിലിറങ്ങുന്നത്. ഇത്തവണ കിരീടം നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളിലൊന്നാണ് കെ.എല്‍. രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. രാഹുലിനൊപ്പം ക്രുണാല്‍ പാണ്ഡ്യയും യുവതാരം രവി ബിഷ്‌ണോയ്‌യും വിദേശ താരങ്ങളായ ക്വിന്റണ്‍ ഡി കോക്കും മാര്‍കസ് സ്‌റ്റോയ്ന്‍സും അടങ്ങുന്ന സ്‌ക്വാഡ് എതിരാളികളെ വിറപ്പിക്കാന്‍ പോന്നതാണ്.
എല്‍.എസ്.ജി സ്‌ക്വാഡിലെ പ്രധാനിയാണ് യുവതാരം രവി ബിഷ്‌ണോയ്. 2020ല്‍ പഞ്ചാബ് കിങ്‌സിനൊപ്പം കളിച്ചാണ് താരം ഐ.പി.എല്ലിലേക്കെത്തുന്നത്. അതിന് മുമ്പ് താരം രാജസ്ഥാന്‍ റോയല്‍സിലെ നെറ്റ് ബൗളറായിരുന്നു.
2018ല്‍, താന്‍ രാജസ്ഥാനൊപ്പമുണ്ടായിരുന്നപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെക്കുകയാണ് ബിഷ്‌ണോയ്. ടീമിന്റെ നെറ്റ് ബൗളറായതിനാല്‍ തനിക്ക് 12ാം ക്ലാസ് ബോര്‍ഡ് എക്‌സാം എഴുതാന്‍ സാധിച്ചില്ലെന്നും ഇക്കാരണത്താല്‍ പിതാവ് ഏറെ ദേഷ്യപ്പെട്ടിരുന്നുവെന്നും ബിഷ്‌ണോയ് പറഞ്ഞു.
ലഖ്‌നൗവിന്റെ പോഡ്കാസ്റ്റിലൂടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
‘2018ല്‍ രാജസ്ഥാന്റെ നെറ്റ് ബൗളറാകാന്‍ വേണ്ടി ഞാന്‍ 12ാം ക്ലാസിലെ ബോര്‍ഡ് എക്‌സാം ഉപേക്ഷിച്ചിരുന്നു. എന്റെ അച്ഛന്‍ എന്നോട് ഏറെ ദേഷ്യപ്പെട്ടിരുന്നു, എന്നാല്‍ എന്റെ കോച്ചാകട്ടെ എനിക്ക് വിട്ടിലേക്ക് പോകാന്‍ അനുമതി നല്‍കിയതുമില്ല. അങ്ങനെ ഞാന്‍ ആ വര്‍ഷത്തെ പരീക്ഷ ഒഴിവാക്കാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം തന്നെ ഞാന്‍ അത് എഴുതിയെടുത്തു,’ ബിഷ്‌ണോയ് പറഞ്ഞു.
2020ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച ബിഷ്‌ണോയ് 2021ലും പഞ്ചാബിനൊപ്പം കളിച്ചിരുന്നു. 2022ലെ മെഗാ ലേലത്തിലാണ് ലഖ്‌നൗ ബിഷ്‌ണോയിയെ ടീമിലെത്തിക്കുന്നത്. നാല് കോടിക്കായിരുന്നു ബിഷ്‌ണോയ് ലഖ്‌നൗവിലെത്തിയത്.
കഴിഞ്ഞ സീസണില്‍ കളിച്ച 14 മത്സരത്തില്‍ നിന്നും 13 വിക്കറ്റാണ് താരം നേടിയത്. ഈ സീസണിലും ലഖ്‌നൗ ആരാധകര്‍ ബിഷ്‌ണോയ്‌യില്‍ നിന്നും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.