ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനവുമായി സൂപ്പര്‍ താരം രവി ബിഷ്‌ണോയ്. ഓസീസ് ബാറ്റിങ് നിരയെ തന്റെ സ്പിന്‍ മികവിലൂടെ പരീക്ഷിച്ചാണ് ബിഷ്‌ണോയ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തരംഗമായത്.
നാല് ഓവര്‍ പന്തെറിഞ്ഞ് 32 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ബിഷ്‌ണോയ് വീഴ്ത്തിയത്. മാറ്റ് ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ് എന്നിവരെയാണ് ബിഷ്‌ണോയ് മടക്കിയത്.
മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ആദ്യ വിക്കറ്റായി മാറ്റ് ഷോര്‍ട്ടിനെ പുറത്താക്കിയാണ് ബിഷ്‌ണോയ് തുടങ്ങിയത്. വിശാഖപട്ടണം ടി-20യിലേതെന്ന പോലെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബിഷ്‌ണോയ് ഷോര്‍ട്ടിനെ പുറത്താക്കിയത്. 10 പന്തില്‍ 19 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ ഷോര്‍ട്ടിന്റെ സമ്പാദ്യം.
അടുത്ത ഓവറില്‍ അപകടകാരിയായ ജോഷ് ഇംഗ്ലിസിനെ തിലക് വര്‍മയുടെ കൈകളിലെത്തിച്ച് ബിഷ്‌ണോയ് പുറത്താക്കി. തിലക് വര്‍മയുടെ തകര്‍പ്പന്‍ ക്യാച്ചിന് പിന്നാലെ ഓസീസ് 39ന് രണ്ട് എന്ന നിലയിലേക്ക് വീണു.
നിര്‍ണായകമായ ടിം ഡേവിഡിന്റെ വിക്കറ്റാണ് ബിഷ്‌ണോയ് അവസാനമായി വീഴ്ത്തിയത്. 22 പന്തില്‍ 37 റണ്‍സുമായി ഓസീസ് സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ച ഡേവിഡിനെ ഗെയ്ക്വാദിന്റെ കൈകളിലെത്തിച്ചാണ് ബിഷ്‌ണോയ് മടക്കിയത്.
നാല് ഓവറില്‍ എട്ട് എന്ന മികച്ച എക്കോണമിയില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ബിഷ്‌ണോയ് തന്റെ സ്‌പെല്‍ അവസാനിപ്പിച്ചത്.
ഇതോടെ കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന്റെ നാണക്കേട് മറക്കാനും ബിഷ്‌ണോയ്ക്ക് സാധിച്ചു.
വിശാഖപട്ടണം ടി-20യില്‍ നാല് ഓവറില്‍ 54 റണ്‍സാണ് താരം വഴങ്ങിയത്. ഇതോടെ പല മോശം റെക്കോഡുകളും ബിഷ്‌ണോയിയെ തേടിയെത്തിയിരുന്നു. ഒരു ടി-20 മത്സരത്തില്‍ ഏറ്റവുമധികം സിക്സര്‍ വഴങ്ങുന്ന രണ്ടാമത് ഇന്ത്യന്‍ താരം എന്ന മോശം റെക്കോഡാണ് ബിഷ്ണോയ് സ്വന്തമാക്കിയത്. ആറ് സിക്സറാണ് ബിഷ്ണോയ് തന്റെ സ്പെല്ലില്‍ വിട്ടുകൊടുത്തത്.
ഇതിന് പുറമെ ഒരു ടി-20 മാച്ചില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങുന്ന മൂന്നാമത് ഇന്ത്യന്‍ സ്പിന്നര്‍ എന്ന മോശം നേട്ടവും ബിഷ്ണോയിയെ തേടിയെത്തി.
അതേസമയം, ഇന്ത്യയുയര്‍ത്തിയ 236 റണ്‍സസ് പിന്തുടര്‍ന്നിറങ്ങിയ ഓസീസ് 17 ഓവറില്‍ 155ന് ഒമ്പത് എന്ന നിലയിലാണ്.
ബിഷ്‌ണോയിക്ക് പുറമെ പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്. മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Content highlight: Ravi Bishnoi’s incredible spell against Australia