അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി-ട്വന്റി പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ആറ് റണ്‍സിന്റെ വിജയം. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ഇതോടെ പരമ്പരയില്‍ നാല് വിജയവുമായി ഇന്ത്യ ഫൈനല്‍ തോല്‍വിക്ക് പ്രതികാരം വീട്ടിയിരിക്കുകയാണ്. പരമ്പരയില്‍ ഒരു വിജയം മാത്രമായാണ് ഓസീസ് മടങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര വിജയമാണിത്.
തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞ ഇന്ത്യക്ക് ഓസീസിനെ സമ്മര്‍ദത്തിലാക്കാന്‍ കഴിഞ്ഞിരുന്നു.
18 പന്തില്‍ 28 റണ്‍സ് നേടിയ ട്രാവിസ് ഹെഡിനെയും പത്ത് പന്തില്‍ ആറ് റണ്‌സ് നേടിയ ആരോണ്‍ ഹാര്‍ഡിയേയും ബിഷ്‌ണോയ് പുറത്താക്കി ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു.
മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെയാണ് ഹെഡിനെ ബിഷ്‌ണോയ് പുറത്താക്കുന്നത്. ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ ഹെഡ് സ്‌കോര്‍ ഉയര്‍ത്തിയപ്പോഴാണ് ബിഷ്‌ണോയ് നിര്‍ണായകമായ വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഓസീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ബിഷ്‌ണോയ് ഒരു പരമ്പരയിലെ നാല് മത്സരത്തിലും ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി തിളങ്ങുകയാണ്.
ഓസ്‌ട്രേലിയയുമായുള്ള പരമ്പരയില്‍ ബിഷ്‌ണോയ് നേടിയ വിക്കറ്റുകള്‍.
ഓവര്‍, വഴങ്ങിയ റണ്‍സ്, വിക്കറ്റ് എന്ന ക്രമത്തില്‍
4-54-1
4-32-3
4-32-2
4-17-1
4-29-2
ബിഷ്‌ണോയിയുടെ മികച്ച പ്രകടനം താരത്തിന്റെ ക്രിക്കറ്റ് കരിയറില്‍ വലിയൊരു തിരിച്ച് വരവിന്റെ സാധ്യതകള്‍ തുറന്ന് വെക്കുകയാണ്. ഇനി ഇന്ത്യക്ക് വരാനിരിക്കുന്നത് സൗത്ത് ആഫ്രിക്കയുമായുള്ള പരമ്പരകളാണ്. അതില്‍ മൂന്ന് മത്സരങ്ങളടങ്ങുന്ന ടി-ട്വന്റിയില്‍ ഇതിനോടകം ബിഷ്‌ണോയ് ഇടം നേടിയിട്ടുണ്ട്.
Content Highlight: Ravi Bishnoi is the future star of India