|

ഒരു വിക്കറ്റ് കൂടി നേടിയിരുന്നെങ്കില്‍.... 23ാം വയസില്‍ അശ്വിന്റെ ഐതിഹാസിക നേട്ടത്തില്‍; ഇന്ത്യയുടെ ഭാവി സുരക്ഷിതം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ ഇന്ത്യ വിജയിച്ചിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. തങ്ങളുടെ അടുത്ത ജനറേഷനിലെ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ പരമ്പരക്കിറങ്ങിയതും ഓസീസിനെ തോല്‍പിച്ച് സീരീസ് സ്വന്തമാക്കിയതും.

ഈ സീരീസിലെ പ്രകടനത്തിന് പിന്നാലെ വരും മത്സരങ്ങളിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനും പല താരങ്ങള്‍ക്കും സാധിച്ചിരുന്നു. അതില്‍ പ്രധാനിയാണ് ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ രവി ബിഷ്‌ണോയ്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ റണ്‍സ് വഴങ്ങി മോശം റെക്കോഡ് സൃഷ്ടിക്കേണ്ടി വന്നെങ്കിലും ശേഷിക്കുന്ന മത്സരത്തില്‍ തകര്‍ത്തെറിഞ്ഞാണ് ബിഷ്‌ണോയ് ഇന്ത്യന്‍ നിരയിലെ നിര്‍ണായക സാന്നിധ്യമായത്.

അഞ്ച് മത്സരത്തില്‍ നിന്നും ഒമ്പത് വിക്കറ്റാണ് ബിഷ്‌ണോയ് സ്വന്തമാക്കിയത്. പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും രവി ബിഷ്‌ണോയ് തന്നെയായിരുന്നു.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യന്‍ റൈറ്റ് ആം ലെഗ് ബ്രേക്കറെ തേടിയെത്തിയിരുന്നു. ഒരു ബൈലാറ്ററല്‍ സീരീസില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ സ്പിന്നര്‍ എന്ന നേട്ടത്തിലാണ് ബിഷ്‌ണോയ് ഒന്നാം സ്ഥാനത്തെത്തിയത്.

വെറ്ററന്‍ സ്പിന്നര്‍ അശ്വിന്റെ റെക്കോഡ് നേട്ടത്തിനൊപ്പമെത്തിയാണ് ബിഷ്‌ണോയ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. 2016ല്‍ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഒമ്പത് വിക്കറ്റ് നേടിയാണ് അശ്വിന്‍ ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്.

അതേസമയം, ഡിസംബര്‍ പത്തിന് ആരംഭിക്കുന്ന ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും ബിഷ്‌ണോയ് ഇടം നേടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പരയിലുള്ളത്.

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി-20 സ്‌ക്വാഡ്

റിങ്കു സിങ്, ഋതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, യശസ്വി ജെയ്‌സ്വാള്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ്.

Content Highlight: Ravi Bishnoi equals R Ashwin’s record