ഇതുകൊണ്ടൊക്കെയാണ് ഇങ്ങേര് ക്യാപ്റ്റനായത്; പന്തെറിയാനെത്തിയ ബിഷ്‌ണോയ്ക്ക് നല്‍കിയ ഉപദേശം
Sports News
ഇതുകൊണ്ടൊക്കെയാണ് ഇങ്ങേര് ക്യാപ്റ്റനായത്; പന്തെറിയാനെത്തിയ ബിഷ്‌ണോയ്ക്ക് നല്‍കിയ ഉപദേശം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 14th October 2024, 8:26 am

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിലും വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ ജയിച്ചുകയറിയത്.

ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെ പേരില്‍ എന്നും ഓര്‍ത്തുവെക്കപ്പെടുന്ന മത്സരത്തില്‍ രവി ബിഷ്‌ണോയ് അടക്കമുള്ള ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ നാല് ഓവര്‍ പന്തെറിഞ്ഞ താരം വെറും 30 റണ്‍സാണ് വിട്ടുനല്‍കിയത്. ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടേതടക്കം മൂന്ന് വിക്കറ്റുകളും താരം സ്വന്തമാക്കി.

 

മത്സരത്തില്‍ പന്തെറിയാനെത്തിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ് ബിഷ്‌ണോയ്. നമ്മള്‍ 160 റണ്‍സാണ് ഡിഫന്‍ഡ് ചെയ്യുന്നത് എന്ന രീതിയില്‍ പന്തെറിയാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നാണ് ബിഷ്‌ണോയ് പറയുന്നത്.

പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സംസാരിക്കുകയായിരുന്നു ബിഷ്‌ണോയ്

ക്യാപ്റ്റന്റെ നിര്‍ദേശം

‘ഞാന്‍ പന്തെറിയാനെത്തിയപ്പോള്‍ നമ്മള്‍ 300 റണ്‍സല്ല, 160-170 റണ്‍സാണ് ഡിഫന്‍ഡ് ചെയ്യുന്നത് ആ രീതിയില്‍ പന്തെറിയണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഭാവിയില്‍ അത്തരം സ്‌കോറുകള്‍ ഡിഫന്‍ഡ് ചെയ്യേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ഇത് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നു. പക്ഷേ ആ മെന്റാലിറ്റിയായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്,’ ബിഷ്‌ണോയ് പറഞ്ഞു.

ഇന്ത്യക്ക് മുമ്പില്‍ ഇനിയെന്ത്?

ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയാണ് ഇന്ത്യക്ക് മുമ്പിലുള്ളത്. നാല് മത്സരങ്ങളുടെ പരമ്പര എതിരാളികളുടെ തട്ടകത്തിലെത്തിയാണ് ഇന്ത്യ കളിക്കുക.

നവംബര്‍ എട്ടിനാണ് പരമ്പര ആരംഭിക്കുന്നത്. ഡര്‍ബന്‍, ക്വാസുലു-നാഥലിലെ കിങ്‌സ്മീഡാണ് വേദി.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനം (ടി-20 പരമ്പര)

ആദ്യ മത്സരം – നവംബര്‍ എട്ട് – കിങ്‌സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട്

രണ്ടാം മത്സരം – നവംബര്‍ പത്ത് – സെന്റ് ജോര്‍ജ്‌സ് ഓവല്‍

മൂന്നാം മത്സരം – നവംബര്‍ 13- സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക് ക്രിക്കറ്റ് സ്റ്റേഡിയം

അവസാന മത്സരം – നവംബര്‍ 15 – വാണ്ടറേഴ്‌സ് സ്റ്റേഡിയം

 

Content highlight: Ravi Bishnoi about Suryakumar Yadav’s advice