ന്യൂദല്‍ഹി: അന്തിമ ദേശീയ പൗരത്വ പട്ടികയെക്കുറിച്ച് ചില വിദേശ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍. അസം പൗരന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് രാജ്യം അസം കരാര്‍ ഒപ്പിട്ടതെന്നും രവീഷ്‌കുമാര്‍ വ്യക്തമാക്കി.
ഇന്ത്യാ ഗവണ്‍മെന്റും അസം സര്‍ക്കാരും ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനും ഓള്‍ അസം ഗണം സംഗ്രം പരിഷത്തും തമ്മില്‍ 1985 ല്‍ ഒപ്പുവച്ച അസം കരാര്‍ പ്രാബല്യത്തില്‍ വരുത്താനാണ് ദേശീയ പൗരത്വ പട്ടിക ലക്ഷ്യമിടുന്നതെന്നും രവീഷ്‌കുമാര്‍ പറഞ്ഞു. 2013 ലാണ് സുപ്രീം കോടതി ഇത് നടപ്പാക്കാന്‍ ഉത്തരവിട്ടത്. ഇത് 2015 ല്‍ ദേശീയ പൗരത്വപട്ടിക പരിഷ്‌ക്കരിക്കുന്നതിലേക്ക് നയിച്ചു. ദേശീയ പൗരത്വ പട്ടിക പരിഷ്‌ക്കരണം സുപ്രീംകോടതി നിര്‍ബന്ധമാക്കിയതും സുതാര്യവും നിയമപരവുമായ പ്രക്രിയയാണെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.
കോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണോ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ ഇത് സുപ്രീംകോടതി നേരിട്ട് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ സ്വീകരിച്ച എല്ലാ നടപടികള്‍ക്കും സമയപരിധി നിശ്ചയിച്ചിട്ടുണ്ടെന്നും രവീഷ്‌കുമാര്‍ വ്യക്തമാക്കി.
അസമില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോള്‍ 3.1 ലക്ഷം ജനങ്ങള്‍് പട്ടികയില്‍ ഉള്‍പ്പെടുകയും 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. 1951 നു ശേഷം ഇത് രണ്ടാംതവണയാണ് ഇത്തരത്തില്‍ അനധികൃതകുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടി സ്വീകരിക്കുന്നത്.
ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്. അസമില്‍ ഇപ്പോള്‍ താമസിക്കുന്നവരില്‍ എത്ര പേര്‍ക്ക് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ രജിസ്റ്റര്‍. ഒരു വര്‍ഷം മുമ്പാണ് പൗരത്വ രജിസ്റ്ററിന്റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചാണ് പുതിയ രേഖ പുറത്തുവിട്ടിരിക്കുന്നത്.
അന്തിമ പൗരത്വ രജിസ്റ്റര്‍ പുറത്തുവന്ന ശേഷവും പട്ടികയില്‍ പേര് വരാത്തവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.