കുളത്തുപ്പുഴ രവി എന്ന രവീന്ദ്രന്‍ മാസ്റ്റര്‍. ആമുഖങ്ങളാവശ്യമില്ലാത്ത മണ്‍മറഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്റെ 78-ാം ജന്മദിനമാണിന്ന്.
മലയാള സിനിമാ സംഗീതത്തില്‍ അദ്ദേഹം ഒഴിച്ചിട്ട ഇരിപ്പിടം ഇന്നും ശൂന്യമാണ്. ക്ലാസിക് ടച്ചുള്ള മലയാള സിനിമാ ഗാനങ്ങള്‍ മലയാളി ഇന്നും കേള്‍ക്കുന്നതും മൂളുന്നതും മാസ്റ്റര്‍ ചിട്ടപ്പെടുത്തിയവയാണ്.
സംഗീതസംവിധായകന്റെ പേര് പറഞ്ഞു സംഗീത പ്രേമികള്‍ കാസറ്റുകള്‍ ചോദിച്ചു വാങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്. സംഗീത സംവിധായകനായിരുന്ന ബാബുരാജാണ് ആദ്യമായി സിനിമയില്‍ പാടുവാന്‍ രവീന്ദ്രന് അവസരം നല്‍കിയത്. ‘വെള്ളിയാഴ്ച’ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി പിന്നണി ഗായകനായി.
പിന്നീട് മുപ്പതോളം സിനിമകളില്‍ പാടി. അവയില്‍ ചുരുക്കം ചിലതു ശ്രദ്ധിക്കപ്പെട്ടു. ഗായകനെന്ന നിലയില്‍ അവസരം കുറഞ്ഞതോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചു. 1970-കളില്‍ പ്രശസ്തനായിരുന്ന രവികുമാറിനു വേണ്ടി മിക്ക ചിത്രങ്ങളിലും ശബ്ദം നല്‍കിയത് രവീന്ദ്രനായിരുന്നു.
ഗായകനെന്ന നിലയില്‍ നിന്ന് രവീന്ദ്രനെ സംഗീത സംവിധാന രംഗത്തേക്കു വഴി തിരിച്ചു വിട്ടത് യേശുദാസാണ്. രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഏതാനും ഗാനങ്ങള്‍ കേട്ട യേശുദാസ്, അദ്ദേഹത്തെ സംവിധായകന്‍ ശശികുമാറിന് പരിചയപ്പെടുത്തുകയായിരുന്നു. അങ്ങനെ 1979-ല്‍ ‘ചൂള’ എന്ന ചിത്രത്തിലൂടെ രവീന്ദ്രന്‍ ചലച്ചിത്ര സംഗീതസംവിധായകനായി.
സത്യന്‍ അന്തിക്കാട് രചിച്ച ‘താരകേ മിഴിയിതളില്‍ കണ്ണീരുമായി’ എന്ന ഗാനം ചിട്ടപ്പെടുത്തി സംഗീത സംവിധാനത്തിലേക്ക് പ്രവേശിച്ച കുളത്തുപ്പുഴ രവി അങ്ങനെ രവീന്ദ്രന്‍ മാസ്റ്ററായി.
ക്ലാസിക്‌സ് എന്ന തലക്കെട്ടില്‍ മലയാളികള്‍ പാടിനടക്കുന്ന പാട്ടുകളിലേറെയും മാസ്റ്ററുടെ സംഗീതമാണ്. പ്രമദവനം, സുഖമോ ദേവി, ഏഴുസ്വരങ്ങളും, രാമകഥാഗാനലയം, ദേവസഭാതലം, ഹരിമുരളീരവം, ഗംഗേ, ഘനശ്യാമമോഹന കൃഷ്ണാ തുടങ്ങി ഒരുപിടി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ അതേ മാസ്റ്ററാണ് അഴകേ നിന്‍, മൂവന്തി താഴ്‌വരയില്‍, തേനും വയമ്പും, ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കുന്ന, പത്തുവെളുപ്പിന്, ഒറ്റക്കമ്പിനാദം മാത്രം, ഒളിക്കുന്നുവോ തുടങ്ങിയ മെലഡികളും ഒരുക്കിയത്.
ആല്‍ബത്തിനായി ഒരുക്കിയ മാമാങ്കം പലകുറി കൊണ്ടാടി എന്ന ഗാനവും മലയാളികള്‍ പാടിനടന്നു.
ബട്ടര്‍ഫ്‌ളൈസ് എന്ന മോഹല്‍ലാല്‍ ചിത്രത്തിലെ വാവാ മനോരഞ്ജിനി എന്ന ഗാനം രചിച്ചത് മാസ്റ്ററായിരുന്നു. യേശുദാസുമായുള്ള ആത്മബന്ധം ഇരുവരും ഒന്നിച്ച ഗാനങ്ങളിലും കാണാമായിരുന്നു. അത്രയേറെ ഹിറ്റുകളാണ് ഈ സഖ്യം മലയാളത്തിനു സമ്മാനിച്ചത്.
യേശുദാസിന്റെ കാലം കഴിഞ്ഞുവെന്നും അദ്ദേഹത്തിന് ശ്വാസം നില്‍ക്കുന്നില്ല എന്നും പറഞ്ഞ് വിമര്‍ശിച്ചവര്‍ക്ക് രവീന്ദ്രന്‍ മാസ്റ്റര്‍ നല്‍കിയ മറുപടിയായിരുന്നു ആറാം തമ്പുരാനിലെ ഹരിമുരളീരവം എന്ന ഗാനം. താന്‍ മനപ്പൂര്‍വമാണ് ഹരിമുരളീരവം ഒരുക്കിയതെന്ന് പിന്നീട് മാസ്റ്റര്‍ തന്നെ പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
‘മനപ്പൂര്‍വം അങ്ങനെയൊരു പാട്ട് ചെയ്തതാണ്. നമ്മളെ പാട്ട് കേള്‍പ്പിക്കാന്‍ കൊതിപ്പിച്ച പാട്ടുകാരനാണ് യേശുദാസ്. പാട്ടുകാര്‍ എന്ന് പറയുന്നത് മെഷീന്‍ ഒന്നും അല്ല. വോക്കല്‍ കോര്‍ഡ്‌സില്‍ നിന്ന് വരുന്ന സംഭവമല്ലേ. ചിലപ്പോള്‍ പാളിപ്പോകാറുണ്ട്. അതൊരുപക്ഷെ കാലാവസ്ഥയുടെ പ്രശ്‌നമായിരിക്കാം, പ്രായത്തിന്റേയോ ശാരീരികമായ അവസ്ഥ കൊണ്ടോ ആയിരിക്കാം.
അദ്ദേഹത്തെക്കുറിച്ച് വേണ്ടാതീനങ്ങള്‍ പറയുമ്പോള്‍ നമുക്ക് സങ്കടം വരും. ഇപ്പോ ദാസേട്ടന് ഒന്നും പൊങ്ങുന്നില്ല. ശ്വാസം നില്‍ക്കുന്നില്ല എന്നാക്കെ കേട്ടിരുന്നു. വാനോളം പുകഴ്ത്തി പറയുന്ന ആള്‍ക്കാരാണ് ഇത് തിരിച്ചുപറയുക. അതിനെതിരെ നമുക്ക് പ്രതികരിക്കാന്‍ പറ്റുന്നത് നമ്മുടെ തൊഴിലിലൂടെയാണ്. നിങ്ങള്‍ ഈ പറയുന്നതില്‍ ഒരു കാര്യവുമില്ല, അത് മനസിലാക്കിക്കാന്‍ വേണ്ടി തന്നെയാണ് ആ പാട്ട് കംപോസ് ചെയ്തത്.
ദാസേട്ടന് ശ്വാസം നില്‍ക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ല, അദ്ദേഹത്തിന് ശ്വാസം നില്‍ക്കും എന്ന് തെളിയിക്കാനാണ് ഹരിമുരളീരവം ചെയ്തത്.’ (കടപ്പാട് ഏഷ്യാനെറ്റ്)
യേശുദാസിന് 64-ാം വയസില്‍ സമാനസ്വഭാവമുള്ള വടക്കുംനാഥനിലെ ഗംഗേ എന്ന പാട്ടും സമ്മാനിച്ചു രവീന്ദ്രന്‍ മാസ്റ്റര്‍.
ഗായകര്‍ക്ക് പാട്ടിന്റെ സാഹചര്യം വിശദീകരിച്ചുകൊടുക്കുന്നതിലും അദ്ദേഹത്തിന് വലിയ കഴിവാണുള്ളത്. ഒരുപക്ഷെ സംവിധായകര്‍ പറയുന്നതിലും നന്നാക്കി സംഗീത സംവിധായകനായ രവീന്ദ്രന്‍ മാഷ് പാട്ടിന്റെ സാഹചര്യം പറഞ്ഞുതരാറുണ്ടെന്ന് ഗായകരും സമ്മതിക്കാറുണ്ട്.
ഹിസ്‌ഹൈനസ് അബ്ദുള്ളയിലെ ദേവസഭാതലം എന്ന് ഗാനത്തിന് രണ്ട് രീതിയിലാണ് രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കിയത്. അദ്ദേഹം തന്നെ അത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
‘ആ സിനിമയില്‍ കൈതപ്രം ചെയ്യുന്നത് സംഗീതത്തെക്കുറിച്ച് എല്ലാം അറിയുന്നാള്‍ താനാണ് എന്ന ഭാവത്തില്‍ ഉള്ള കഥാപാത്രത്തെയാണ്. സിനിമയിലെ സംഭാഷണങ്ങള്‍ക്കപ്പുറത്ത് പാട്ട് പാടുമ്പോളും ആ ഭാവം വേണം. അതിനായി ദേവസഭാതലം എന്ന പാട്ട് കൈതപ്രത്തിന്റെ വേര്‍ഷനു വേണ്ടിയും മോഹന്‍ലാലിന്റെ വേര്‍ഷനു വേണ്ടിയും രണ്ട് തരത്തിലാണ് ചിട്ടപ്പെടുത്തിയത്.’
മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. ‘ഭരതം’ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്‌കാരം നേടി. ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ഇതേ ചിത്രത്തിലെ സംഗീത സംവിധാനത്തിനു വിധികര്‍ത്താക്കളുടെ പ്രത്യേക പ്രശംസയും നേടി.
ആ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് യേശുദാസും നേടി. എം.ജി.ശ്രീകുമാറിന് ആദ്യത്തെ ദേശീയ പുരസ്‌കാരം നേടി കൊടുത്തത് മാസ്റ്ററുടെ നാദരൂപിണി ശങ്കരീ പാഹിമാം (ഹിസ് ഹിനസ് അബ്ദുള്ള) എന്ന ഗാനമാണ്.
2002-ല്‍ നന്ദനത്തിലെ ഗാനങ്ങള്‍ക്ക് വീണ്ടും സംസ്ഥാന പുരസ്‌കാരം. ഗായികമാരില്‍ ചിത്രയായിരുന്നു മാസ്റ്ററുടെ ഗാനങ്ങള്‍ കൂടുതല്‍ ആലപിച്ചത്.
2005 മാര്‍ച്ച് 3-ന് വൈകീട്ട് 3:30ന് ചെന്നൈയിലെ വീട്ടില്‍ വച്ചാണ് രവീന്ദ്രന്‍ അന്തരിച്ചത്. മരണത്തിന് ഏതാനും ദിവസം മുമ്പ് അര്‍ബുദ ചികിത്സയ്ക്കായി ചെന്നൈയിലെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. അവസാന ചിത്രങ്ങളായ വടക്കുന്നാഥന്‍, കളഭം എന്നിവ മരണാനന്തരമാണ് പുറത്തിറങ്ങിയത്.