നാട്ടുകാരും വീട്ടുകാരും മരിച്ചെന്ന് കരുതിയിരുന്ന പട്ടാളക്കാരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നു. വളരെ വ്യത്യസ്തമായ ആശയവുമായാണ് സംവിധായകന്‍ ജിബു ജേക്കബ് എത്തിയത്. മലപ്പുറത്തെ സാധാരണ മുസ്‌ലിമായി സുരേഷ് ഗോപി എത്തുന്നതും പ്രേക്ഷകര്‍ക്ക് പുതുമയായി.
ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് മേജര്‍ രവി അവതരിപ്പിക്കുന്ന ഡി.എസ്.സി ഓഫീസര്‍ രവീന്ദ്രന്‍. ഇദ്ദേഹം ഒരു വിരമിച്ച പട്ടാളക്കാരനാണ്, കടുത്ത രാജ്യസ്‌നേഹി. 19 വര്‍ഷം പാകിസ്ഥാനിലെ ജയിലില്‍ കിടന്നിട്ടാണ് മൂസ തിരിച്ച് ഇന്ത്യയിലേക്ക് വരുന്നത്.
രവീന്ദ്രന്റെ ഓഫീസിലെത്തി താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മൂസ വിവരിക്കുന്നുണ്ട്. ആ ദുരിതങ്ങള്‍ക്കിടയിലും ഹിന്ദുസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ പെരുവിരലില്‍ നിന്നും ഇരച്ചുകയറുന്ന രാജ്യസ്‌നേഹം മൂസ വികാരാധീനനായി പറയുന്നുണ്ട്. മൂസ രാജ്യസ്‌നേഹത്തെ പറ്റി പറയുമ്പോള്‍ അദ്ദേഹത്തെക്കാള്‍ പുളകിതനാവുന്നത് മേജര്‍ രവിയുടെ രവീന്ദ്രനാണ്. മേജര്‍ രവിയുടെ മുഖത്തെ ഭാവങ്ങളില്‍ നിന്നും ഇത് വ്യക്തമാകും.