| Friday, 10th December 2021, 7:46 pm

പരിക്ക് വില്ലനായോ?; വിരമിക്കാനൊരുങ്ങി രവീന്ദ്ര ജഡേജ; സ്ഥിരീകരിച്ച് സഹതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജ ടെസ്റ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന് സൂചന. പ്രമുഖ ഹിന്ദി പത്രമായ ദൈനിക് ജാഗരണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കാലിന്റെ ലിഗമെന്റിന്റെ പരിക്കേറ്റ താരത്തിന് ദീര്‍ഘനാളത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. പരിക്കു മൂലം തന്നെയാണ് അദ്ദേഹം ടെസ്റ്റില്‍ നിന്നും വിരമിക്കുന്നതെന്നാണ് സൂചന.

ഇന്ത്യന്‍ ടീമില്‍ തന്നെയുള്ള പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സഹതാരത്തെ ഉദ്ദരിച്ചാണ് ദൈനിക് ജാഗരണിനോട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഏകദിനത്തിലും ട്വന്റി-20യിലും ശ്രദ്ധ കേന്ദ്രികരിക്കാനാണ് ജഡേജ വിരമിക്കുന്നത് എന്നാണ് സഹതാരം പറയുന്നത്. ഇനിയും കൂടുതല്‍ കാലം ക്രിക്കറ്റില്‍ തന്നെ തുടരാന്‍ വേണ്ടിയാണ് ജഡേജ ഇങ്ങനെയൊരു തീരുമാനെമടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും അവിഭാജ്യ ഘടകമായ ജഡേജ, മുഹമ്മദ് കൈഫിനും സുരേഷ് റെയ്‌നക്കും ശേഷം ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഫീല്‍ഡര്‍ കൂടിയാണ്.

എന്നാല്‍ വിരമിക്കല്‍ വാര്‍ത്തകളോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

2012ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 57 ടെസ്റ്റ് മത്സരങ്ങാണ് കളിച്ചത്. 2195 റണ്‍സും 232 വിക്കറ്റുകളുമാണ് ടെസ്റ്റില്‍ താരത്തിന്റെ സമ്പാദ്യം.

ന്യൂസിലാന്റിനെതിരെയുള്ള പരമ്പരയിലായിരുന്നു താരത്തിന് പരിക്കേറ്റത്. ആറ് മാസത്തേളം താരത്തിന് പൂര്‍ണ വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്ക് മൂലം ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ജഡേജയെ ഒഴിവാക്കിയിരുന്നു. ജഡേജയെ കൂടാതെ അക്സര്‍ പട്ടേലും യുവതാരം ശുഭ്മാന്‍ ഗില്ലും ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയില്‍ കളിക്കില്ല.

ഈ മാസം 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Raveendra Jadeja to retire from test cricket, Reports

We use cookies to give you the best possible experience. Learn more