കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് കെ.ജി.എഫ് 2 ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ആവേശത്തിലായിരിക്കുകയാണ് തെന്നിന്ത്യന്‍ ചലച്ചിത്രലോകം. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ അധിപനായി റോക്കി മാറിയതോടെ ഇനി എന്ത് സംഭവിക്കുമെന്നറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ട്രെയ്‌ലര്‍ പുറത്തുവന്നതോടെ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതിലൊന്നാണ് രവീണ ടണ്ടന്‍ അവതരിപ്പിക്കുന്ന പ്രൈം മിനിസ്റ്ററിന്റെ കഥാപാത്രം. ട്രെയ്‌ലറില്‍ കാണിക്കുന്നത് പോലെ തന്നെ ശക്തമായ ഒരു കഥാപാത്രമായിരിക്കും ഇത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കെ.ജി.എഫ് ആദ്യഭാഗം അവസാനിച്ചപ്പോള്‍ തന്നെ റോക്കിക്ക് ഡെത്ത് വാറന്റ് പുറപ്പെടുവിച്ച വനിത പ്രധാനമന്ത്രിയുടെ ശബ്ദം ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തില്‍ റോക്കി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് രവീണ അവതരിപ്പിക്കുന്ന പ്രധാനമന്ത്രി കഥാപാത്രമാവും.
മലയാളം വേര്‍ഷനില്‍ ലെനയാണ് രവീണക്ക് ശബ്ദം നല്‍കിയത്. ഇതും സോഷ്യല്‍ മീഡിയയില്‍ ഒരു ചര്‍ച്ചാവിഷയമാവുന്നുണ്ട്.
നിബിന്‍ സിനിമ പൈരഡൈസ് ക്ലബ്ബില്‍ കുറിച്ചതിങ്ങനെ
‘ഞാന്‍ കാത്തിരിക്കുന്നത് ഈ പുള്ളികാരിയുടെ പെര്‍ഫോമന്‍സ് കാണാന്‍ ആണ്. ഒരു ബാഹുബലി ശിവകാമി ടൈപ്പ് റോള്‍ അല്ലെങ്കില്‍ പെര്‍ഫോമന്‍സ് ആയിരിക്കും എന്നു തോന്നുന്നു. മലയാളത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് ലെന ആണെന്ന് മനസ്സിലാകുന്നുണ്ട് ട്രെയ്‌ലര്‍ ശ്രദ്ധിച്ചു കേട്ടാല്‍.
ഞാന്‍ മനസിലാക്കിയടുത്തോളം സഞ്ജയ് ദത്തുള്‍പ്പെടെ 3 ശക്തികള്‍ തമ്മില്‍ ഉള്ള ഒരു യുദ്ധം ആയിരിക്കും കെ.ജി.എഫ് 2. ഇത്രേം ഗൂസ്ബംസ് തന്ന ഒരു ട്രെയ്‌ലര്‍ അടുത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല’.
‘കെ.ജി.എഫ് 2 ട്രെയ്‌ലര്‍ കണ്ടു, ഒരു രക്ഷേം ഇല്ല. പറയാന്‍ വന്നത് വേറൊരു കാര്യം. ദേ ഈ ഫോട്ടോയില്‍ കാണുന്ന ചേച്ചിക്ക് വേണ്ടി മലയാളം ഡബ്ബ് ചെയ്തത് നമ്മുടെ ലെന ചേച്ചി ആണോ.
എനിക്ക് അങ്ങനെ തോന്നി. ആര്‍ക്കെങ്കിലും അങ്ങനെ തോന്നിയോ. ആണെങ്കില്‍ അതിനു പുറകില്‍ പൃഥ്വിരാജ് ആയിരിക്കുമല്ലേ. ലൂസിഫറില്‍ വിവേക് ഓബ്രോയ്ക്ക് വേണ്ടി വിനീതിനെ സെറ്റ് ആക്കിയപോലെ’.
ഇത്തരത്തില്‍ നിരവധി ചര്‍ച്ചകളാണ് കെ.ജി.എഫ് 2വിനെ ചുറ്റിപറ്റി ഉയരുന്നത്. ഏപ്രില്‍ 14 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.