Entertainment
അന്ന് മറ്റുമാര്‍ഗങ്ങളില്ലാതെ എന്റെ മനസിന് ഇഷ്ടപ്പെടാത്ത ആ രണ്ട് സിനിമകളില്‍ അഭിനയിച്ചു: രേവതി

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രേവതി. 1983ല്‍ പുറത്തിറങ്ങിയ മന്‍ വാസനൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് വരുന്നത്. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെയാണ് രേവതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്.

പിന്നീട് തെലുങ്കിലും അഭിനയിക്കാന്‍ അവര്‍ക്ക് സാധിച്ചു. തന്റെ കരിയറില്‍ മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിരവധി മികച്ച സിനിമകളുടെ ഭാഗമായ നടി കൂടിയാണ് രേവതി. സിനിമയെ താന്‍ അങ്ങേയറ്റം സ്‌നേഹിക്കുന്നുവെന്നും സിനിമയെ പണം സമ്പാദിക്കുവാനുള്ള മേഖലയായി മാത്രമല്ല പരിഗണിച്ചതെന്നും പറയുകയാണ് രേവതി.

എന്നാല്‍ തനിക്ക് ഒരു പരീക്ഷണകാലം ഉണ്ടായിരുന്നെന്നും അന്ന് തന്റെ പ്രശ്‌നം എന്തായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നെന്നും നടി പറയുന്നു. മറ്റുമാര്‍ഗങ്ങളില്ലാതെ വന്നപ്പോള്‍ ആ സമയത്ത് തന്റെ മനസിന് ഇഷ്ടപ്പെടാത്ത രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നുവെന്നും രേവതി പറഞ്ഞു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘സിനിമയെ ഞാന്‍ അങ്ങേയറ്റം സ്‌നേഹിക്കുന്നു. സിനിമയെ പണം സമ്പാദിക്കുവാനുള്ള മേഖലയായി മാത്രമല്ല ഞാന്‍ പരിഗണിച്ചത്. അങ്ങനെ ഞാന്‍ സിനിമയെ കണ്ടിരുന്നുവെങ്കില്‍ എന്റെ സിദ്ധാന്തത്തിന് ശക്തിയില്ലാതെ പോയേനെ.

എങ്കിലും എനിക്ക് ഒരു പരീക്ഷണകാലം ഉണ്ടായിരുന്നു. അന്ന് എന്റെ പ്രശ്‌നം എന്തായിരുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. വേദനാജനകമായ ഒരു സന്ദര്‍ഭമായിരുന്നു അത്. മറ്റുമാര്‍ഗങ്ങളില്ലാതെ വന്നപ്പോള്‍ ആ സമയത്ത് എന്റെ മനസിന് ഇഷ്ടപ്പെടാത്ത രണ്ട് സിനിമകളില്‍ അഭിനയിച്ചു.

അതോര്‍ത്ത് ഞാന്‍ വളരെയധികം വിഷമിച്ചു. ആ സിനിമകളും വിജയമായിരുന്നു. അതിന് ശേഷം ഇന്നുവരെ എന്റെ പോളിസിയില്‍ ഞാന്‍ ഉറച്ചുനിന്നു. മനസിന് ഇഷ്ടപ്പെടാത്ത സിനിമകള്‍ ചെയ്യാറില്ല.

പല സഹനടിമാരും രേവതി അഭിനയിച്ചത് പോലുള്ള കഥാപാത്രങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് അഭിമുഖങ്ങളില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അത് കേള്‍ക്കുമ്പോള്‍ മനസില്‍ ചെറിയൊരു സന്തോഷം തോന്നാറുണ്ട്,’ രേവതി പറയുന്നു.

Content Highlight: Ravathi Talks About Her Movies