| Thursday, 1st August 2019, 10:37 am

രാവണന്‍ ലോകത്തിലെ ആദ്യ വൈമാനികന്‍, അഞ്ച് വര്‍ഷം കൊണ്ട് പഠനം നടത്തി തെളിയിക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോകത്തിലെ ആദ്യ വൈമാനികന്‍ രാവണനാണെന്നും 5000 വര്‍ഷം മുമ്പ് അദ്ദേഹം ഇന്ത്യയിലേക്ക് യാത്ര നടത്തിയതിനെ കുറിച്ച് പഠിക്കുമെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍.

രാവണനാണ് ആദ്യം വിമാനം പറത്തിയതെന്നതിന് തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ശ്രീലങ്കന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൈസ് ചെയര്‍മാന്‍ ശശി ദണതുംഗെ പറഞ്ഞു.

‘രാവണ രാജാവ് ദിവ്യപുരുഷനായിരുന്നു. അദ്ദേഹമാണ് ആദ്യത്തെ വൈമാനികന്‍. ഇത് പുരാണമല്ല, വാസ്തവമാണ്. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തേണ്ടതുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് ഞങ്ങളിത് തെളിയിക്കും’ ദണതുംഗെ പറഞ്ഞു.

ബുധനാഴ്ച ശ്രീലങ്കയിലെ കാറ്റുനായകെയില്‍ ഇത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ വിദഗ്ധര്‍, ചരിത്രകാരന്മാര്‍, പുരാവസ്തു ഗവേഷകര്‍, ജിയോളജിസ്റ്റുകള്‍, എന്നിവരുടെയെല്ലാം കോണ്‍ഫറന്‍സ് നടന്നിരുന്നു. 5000 വര്‍ഷം മുമ്പ് ഇന്നത്തെ ഇന്ത്യയിലേക്ക് പുഷ്പക വിമാനത്തില്‍ സഞ്ചരിച്ച് തിരിച്ചെത്തിയെന്ന് കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. അതേസമയം രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോയതാണെന്ന വാദം ഇന്ത്യന്‍ വിശദീകരണമാണെന്നും രാവണന്‍ നല്ല രാജാവായിരുന്നുവെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ശ്രീലങ്ക ഈയടുത്ത് ‘രാവണ’ എന്ന പേരില്‍ സാ്റ്റ്‌ലൈറ്റ് വിക്ഷേപിച്ചിരുന്നു. രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്.

We use cookies to give you the best possible experience. Learn more