കോഴിക്കോട്ട്: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ ശക്തമായ ആരോപണങ്ങളുമായി കെ.എ റഊഫ് രംഗത്തെത്തി. ഐസ്‌ക്രീം പാര്‍ലര്‍ ഒത്തുതീര്‍പ്പാക്കാനായി കുഞ്ഞാലിക്കുട്ടി കോടികള്‍ ചിലവാക്കിയെന്നും റഊഫ് ആരോപിച്ചു.
റഊഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്
“ഞാന്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ വ്യാജ സി.ഡി ഉണ്ടാക്കിയിട്ടില്ല. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കും. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഞാന്‍ കുഞ്ഞാലിക്കുട്ടിക്ക് മാര്‍ഗ്ഗതടസമായേക്കും എന്നു കരുതിയാവണം അദ്ദേഹം ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.”
“ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് അദ്ദേഹത്തിനൊപ്പം കേസുനടത്തുന്നതില്‍ എന്നെയാണ് ഉപയോഗിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ പേര് ഐസ്‌ക്രീം കേസില്‍ ആരോപിച്ച രണ്ടുപേരില്‍ നിന്നും സത്യവാങ്മൂലം വാങ്ങുകയാണ് ആദ്യം ചെയ്തത്.
ഐസ്‌ക്രീം കേസില്‍ രണ്ട് ഇരകളില്‍ ഒരാള്‍ കുന്ദമംഗലം കോടതിയില്‍ വെച്ച് കുഞ്ഞാലിക്കുട്ടിയുടെ പേര് ഒഴിവാക്കി മൊഴി തിരുത്തുകയായിരുന്നു. ഒരാള്‍ക്ക് 2,65000 രൂപയും മറ്റൊരാള്‍ക്ക് 30,0000 രൂപയും കൊടുത്താണ് മൊഴിമാറ്റിയത്. ഒന്നും ഇല്ലായ്മയില്‍ നിന്നും റെജീനയ്ക്ക് എങ്ങിനെ ഇത്രവലിയ സമ്പത്തുണ്ടായെന്ന് എല്ലാവര്‍ക്കും അറിയാം.
“ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട അഞ്ച് സ്ത്രീകള്‍ക്കും മൊഴിമാറ്റിപറയാന്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു. റെജീനയ്ക്ക് മാനസികവിഭ്രാന്തിയാണെന്ന് വരുത്താനായി കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ അവിടെ നിന്നും ഞങ്ങള്‍പോലും അറിയാതെ പുറത്തുചാടുകയായിരുന്നു.”
” കേസില്‍ അഞ്ചുസ്ത്രീകള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ. എന്നാല്‍ അതിലും കൂടുതല്‍ സ്ത്രീകള്‍ക്ക് പണം നല്‍കിയിട്ടുണ്ട്. കേസിനെക്കുറിച്ച് കേരളത്തിലെ ചില പ്രമുഖ വാര്‍ത്താമാധ്യസ്ഥാപനങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് ചില സുപ്രധാന രേഖകള്‍ ഞാന്‍ നല്‍കിയിട്ടുണ്ട്. അത് പുറത്തുവരുന്നത് പ്രതിരോധിക്കാന്‍ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയത്”
“പോലീസ് അടക്കമുള്ള ആളുകള്‍ക്ക് പണം നല്‍കാതെ എങ്ങിനെയാണ് ഇത്തരം മൊഴികള്‍ മാറ്റാന്‍ സാധിക്കുക? റെജീന വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടി എന്നെ കോയമ്പത്തൂരില്‍ നിന്നും വിളിച്ചു. എന്നിട്ട് റെജീനയുടെ വെളിപ്പെടുത്തല്‍ തടയണമെന്നും ഇന്ത്യാവിഷന്‍ ചാനല്‍ അടിച്ചുതകര്‍ക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു
“റെജീന വലിയൊരു പണച്ചാക്കാണ്. അവര്‍ ഇപ്പോള്‍ പലിശയ്ക്ക് പണം കടംകൊടുക്കുന്ന സമ്പന്നയാണ്. അവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചത്? ഇന്ത്യാവിഷനില്‍ വാര്‍ത്ത വന്നതിനു ശേഷം എം.കെ മുനീറിനെ തകര്‍ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം”
“എന്തിനാണ് ഞാന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തു കുഞ്ഞാലിക്കുട്ടി ആരോപിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഏത് കാര്യമാണ് വഴിവിട്ട് എനിക്ക് ചെയ്തത് എന്ന കാര്യം അദ്ദേഹം വ്യക്തമാക്കണം. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ പോലീസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. എന്റെ ദൗത്യം അവസാനിച്ചുവെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ട്. അതാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയതെന്നും ഒരുമണിക്കൂര്‍ നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ റഊഫ് വ്യക്തമാക്കി.
റൗഫും കുഞ്ഞാലിക്കുട്ടിയും അകലുന്നതെങ്ങിനെ?
കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളായി കുഞ്ഞാലിക്കുട്ടിയുടെ നിഴലായി നടന്നിരുന്ന ആളായിരുന്നു റഊഫ് . കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തികവ്യവസായിക കാര്യങ്ങളില്‍ റഊഫായിരുന്നു ഇടനിലക്കാരന്‍.
ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് റജീന നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് റഊഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അകലാന്‍ തുടങ്ങിയത്. കുഞ്ഞാലിക്കുട്ടിക്കെതിരേ വെളിപ്പെടുത്തലുകള്‍ നടത്താന്‍ റെജീനയ്ക്ക് പ്രേരണ നല്‍കിയത് റഊഫാണെന്ന് ആരോപണമുണ്ടായിരുന്നു. കൂടാതെ റെജീനയ്ക്ക് വേണ്ടി അഭിഭാഷകനെ ഹാജരാക്കിയതും റഊഫാണെന്ന് തെളിഞ്ഞിരുന്നു.
കോഴിക്കോട്ടും മഹാരാഷ്ട്രയിലുമായി ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് റഊഫിനെതിരേ കേസുകളുണ്ടായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ പദവി ഉപയോഗിച്ചാണ് ഇത്തരം ഇടപാടുകള്‍ നടത്തിയതെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയും റഊഫും തമ്മിലുള്ള അകലം വര്‍ധിക്കുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഏറെ ആകാംക്ഷയോടെയാണ് കുഞ്ഞാലിക്കുട്ടിയുടെയും റഊഫിന്റേയും വെളിപ്പെടുത്തലുകളെ കാണുന്നത്.