മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ ഈഗിള്‍ നാസിക് ടൈറ്റന്‍സിന്റെ വിജയക്കുതിപ്പിന് തടയിട്ട് രത്‌നഗരി ജെറ്റ്‌സ്. തുടര്‍ച്ചയായ നാലാം മത്സരത്തിലും വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഈഗിള്‍ നാസിക് ടൈറ്റന്‍സിനെ 12 റണ്‍സിനാണ് ജെറ്റ്‌സ് തോല്‍പിച്ചുവിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രത്‌നഗിരി ജെറ്റ്‌സിനായി ഓപ്പണര്‍ ധീരജ് പതംഗരെ തകര്‍ത്തടിച്ചു. 51 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും നാല് സിക്‌സറുമായി 70 റണ്‍സ് നേടിയാണ് പതംഗരെ ജെറ്റ്‌സ് ഇന്നിങ്‌സിന് തുടക്കമിട്ടത്.
പിന്നാലെയെത്തിയ പ്രീതം പാട്ടീലും നിഖില്‍ നായിക്കും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. പ്രീതം പാട്ടീല്‍ 19 പന്തില്‍ നിന്നും അഞ്ച് സിക്‌സറിന്റെ അകമ്പടിയോടെ 33 റണ്‍സ് നേടിയപ്പോള്‍, 28 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമായി 41 റണ്‍സടിച്ച നിഖില്‍ നായിക്കും തിളങ്ങി.
അവസാന ഓവറുകളില്‍ കിരണ്‍ ചോര്‍മലെയും കഴിഞ്ഞ മത്സരത്തില്‍ ജെറ്റ്‌സിന്റെ വിജയശില്‍പിയായ ദിവ്യാംഗ് ഹിങ്കാനേക്കറും വെടിക്കെട്ട് പ്രകടനം തന്നെ പുറത്തെടുത്തു.
ചോര്‍മലെ അഞ്ച് പന്തില്‍ നിന്നും രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമായി 18 റണ്‍സ് നേടിയപ്പോള്‍ ഹിങ്കാനേക്കര്‍ ഒമ്പത് പന്തില്‍ നിന്നും 17 റണ്‍സും നേടി.
ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് ജെറ്റ്‌സ് സ്വന്തമാക്കിയത്.
ഈഗിള്‍ നാസിക് ടൈറ്റന്‍സിനായി സമധാന്‍ പഗാരെ രണ്ടും ഇസാന്‍ സയെദ് ആദിത്യ രാജ്ഹസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ടൈറ്റന്‍സിനായി ഓപ്പണര്‍ മണ്ഡര്‍ ഭണ്ഡാരി തകര്‍ത്തടിച്ചു. 39 പന്തില്‍ നിന്നും നാല് സിക്‌സറും എട്ട് ബൗണ്ടറിയുമയി 74 റണ്‍സാണ് ബണ്ഡാരി നേടിയത്.
വണ്‍ ഡൗണായെത്തിയ രാഹുല്‍ ത്രിപാഠി 24 റണ്‍സ് നേടിയപ്പോള്‍ അഞ്ചാമന്‍ കുശാല്‍ താംബെ 22 റണ്‍സും സ്വന്തമാക്കി.
23 പന്തില്‍ നിന്നും പുറത്താകാതെ 43 റണ്‍സ് നേടിയ ധന്‍രാജ് ഷിന്‍ഡെ പൊരുതി നോക്കിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.
ഒടുവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 188 എന്നിരിക്കെ ഈഗിള്‍ നാസിക് ടൈറ്റന്‍സ് പോരാട്ടം അവസാനിപ്പിച്ചു.
രത്‌നഗിരി ജെറ്റ്‌സിനോട് പരാജയപ്പെട്ടെങ്കിലും ഒന്നാം സ്ഥാനം നിലനിലനിര്‍ത്താന്‍ ഈഗിള്‍ നാസിക് ടൈറ്റന്‍സിന് സാധിച്ചു. നാല് മത്സരത്തില്‍ നിന്നും മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് ടൈറ്റന്‍സിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ജെറ്റ്‌സിനും ആറ് പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ ബലത്തിലാണ് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
ജൂണ്‍ 24നാണ് ഈഗിള്‍ നാസിക് ടൈറ്റന്‍സിന്റെ അടുത്ത മത്സരം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കോലാപൂര്‍ ടസ്‌കേഴ്‌സാണ് എതിരാളികള്‍.
Content Highlight: Ratnagiri Jets end he winning streak of Eagle Nashik Titans