| Sunday, 25th June 2023, 4:53 pm

ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമമല്ല, ഇത് ജയദേവന്‍ നിയമം; വി.ജെ.ഡി മെത്തേഡിലൂടെ വിജയിച്ച് മുമ്പോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പൂണേരി ബപ്പായെ പരാജയപ്പെടുത്തി രത്‌നഗിരി ജെറ്റ്‌സ് വിജയം സ്വന്തമാക്കിയിരുന്നു. വി.ജെ.ഡി മെത്തേഡിലൂടെയാണ് ജെറ്റ്‌സ് വിജയം സ്വന്തമാക്കിയത്.

ഏകദിനത്തിലും ടി-20യിലും ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമത്തിന് പകരം ഉപയോഗിക്കാവുന്ന സ്‌കോര്‍ കാല്‍ക്കുലേറ്റിങ് സിസ്റ്റമാണ് വി.ജെ.ഡി സിസ്റ്റം. മലയാളി എന്‍ജിനീയറായ വി. ജയദേവനാണ് ഈ നിയമത്തിന്റെ ഉപജ്ഞാതാവ്.

മത്സരത്തില്‍ ടോസ് നേടിയ രത്‌നഗിരി ജെറ്റ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു ബപ്പാക്ക് ലഭിച്ചത്. ഓപ്പണര്‍ ശ്രീപദ് നിംബാല്‍ക്കറും വണ്‍ ഡൗണായി ഇറങ്ങിയ ശുഭം തെയ്‌സ്വാളും സ്‌കോര്‍ ഉയര്‍ത്തി.

നിംബാല്‍കര്‍ 19 പന്തില്‍ നിന്നും 30 റണ്‍സ് നേടിയപ്പോള്‍ തെയ്‌സ്വാള്‍ 42 പന്തില്‍ നിന്നും 36 റണ്‍സും നേടി.

പിന്നാലെയെത്തിയവരില്‍ 15 പന്തില്‍ നിന്നും പുറത്താകാതെ 23 റണ്‍സ് നേടിയ സൂരജ് ഷിന്‍ഡേയും സ്‌കോറിങ്ങില്‍ കരുത്തായപ്പോള്‍ 15 ഓവറില്‍ ബപ്പാ സ്‌കോര്‍ ആറ് വിക്കറ്റിന് 129 എന്ന നിലയിലേക്കുയര്‍ന്നു.

ജെറ്റ്‌സിനായി കുനാല്‍ തൊരാത് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദിവ്യാംഗ് ഹിങ്കാനേക്കര്‍, നിക്ത് ധുമാല്‍, വിജയ് പാവ്‌ലേ, കിരണ്‍ ചോര്‍മലെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രത്‌നഗിരി ജെറ്റ്‌സ് 7.4 ഓവറില്‍ 70 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കവെ കളി തടസ്സപ്പെടുകയും വി.ജെ.ഡി നിയമം വഴി അവരെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.

ജെറ്റ്‌സിനായി അസിം കാസി ഒമ്പത് പന്തില്‍ 21 റണ്‍സ് നേടിയപ്പോള്‍ പ്രീതം പാട്ടീല്‍ 11 പന്തില്‍ 20 റണ്‍സും ഓപ്പണര്‍ ധീരജ് പതംഗരെ 16 പന്തില്‍ നിന്നും പുറത്താകാതെ 18 റണ്‍സും നേടി.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ജെറ്റ്‌സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ എട്ട് പോയിന്റാണ് ജെറ്റ്‌സിനുള്ളത്.

കോലാപ്പൂര്‍ ടസ്‌കേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് മത്സരത്തില്‍ നിന്നും എട്ട് പോയിന്റാണ് ടസ്‌കേഴ്‌സിനുമുള്ളത്.

ജൂണ്‍ 26ന് അവസാന ലീഗ് ഘട്ട മത്സരത്തിന് കളമൊരുങ്ങുന്നത്. ഒന്നാമതുള്ള രത്‌നഗിരി ജെറ്റ്‌സും രണ്ടാമതുള്ള കോലാപ്പൂര്‍ ടസ്‌കേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്. വിജയികള്‍ക്ക് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കും.

Content highlight: Ratnagiri Jets defeated Puneri Bappa

We use cookies to give you the best possible experience. Learn more