Kerala News
റേഷൻ കട ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 13, 09:39 am
Monday, 13th January 2025, 3:09 pm

തിരുവനന്തപുരം: റേഷൻ വ്യാപാരികൾ അനിശ്ചിത കാല കടയടപ്പ് സമരത്തിലേക്ക്. ജനുവരി 27 മുതൽ കടകൾ സംസ്ഥാനവ്യാപകമായി അടച്ചിടും. റേഷൻ വ്യാപാരി സംയുക്ത സമിതിയുടേതാണ് തീരുമാനം. വേതന പാക്കേജ് പരിഷ്‌ക്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

‘സമ്പൂർണമായി കേരളത്തിലെ മുഴുവൻ റേഷൻ വ്യാപാരി സംഘടനകളും ഒരേ സ്വരത്തിൽ ഒരേ രീതിയിൽ ഒരേ ആശയം മുന്നോട്ട് വെച്ചുകൊണ്ട് ഈ വരുന്ന 27 മുതൽ അനിശ്ചിത കാലത്തേക്ക് കടകൾ അടച്ച് സമര രംഗത്തേക്ക് പോവുകയാണ്.

ഞങ്ങളുടെ ഒന്നാമത്തെ ആവശ്യം വേതന പാക്കേജ് പരിഷ്‌ക്കരിക്കുക എന്നതാണ്. ബി.പി.എൽ അന്ത്യോദയ കാർഡുകൾക്ക് അരിയല്ല കൊടുക്കുന്നത് നേരിട്ട് അതിനുള്ള പണം അവരുടെ അക്കൗണ്ടിലേക്ക് നൽകാൻ പോകുന്നു.

അത് 14 ,257 റേഷൻ വ്യാപാരികളുടെ കടകൾ അടച്ച് പൂട്ടുന്നതിന് കാരണമാകുന്നു. ഏതാണ്ട് 30 ,000 ആളുകൾ തൊഴിലില്ലാത്തവരയി മാറുന്നു,’ റേഷൻ വ്യാപാരി സംയുക്ത സമിതി പറഞ്ഞു.

ഏറ്റവും ഒടുവിൽ വേതന ഇൻസെന്റീവ് കമ്മീഷൻ ഉൾപ്പടെ പരിഷ്‌ക്കരിച്ചത് 2018 ലാണ്. ഈ പരിഷ്ക്കരണത്തിൽ തന്നെ വലിയ അസ്വാഭാവികതയുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഏതാനും കട ഉടമകൾക്ക് മാത്രം ഉയർന്ന വേതനം ലഭിക്കുന്നുവെന്നും മറ്റുള്ളവർക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നതെന്നുമായിരുന്നു വിമർശനം. ഇതിനെതിരെ വലിയ സമരങ്ങൾ നടത്തിയെങ്കിലും കാര്യമൊന്നും ഉണ്ടായിരുന്നില്ല.

 

Content Highlight: Ration shop owners to go on indefinite strike