| Monday, 13th March 2017, 7:22 am

റേഷന്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; നിലവിലുള്ള എട്ട് ലക്ഷം പേര്‍ പുറത്ത്; അന്തിമ പട്ടികയിലും അനര്‍ഹര്‍ കടന്നുകൂടിയതായി ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റേഷന്‍ വിതരണത്തിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടികയില്‍ നിന്ന് എട്ട് ലക്ഷം പേരെ ഒഴിവാക്കി പുതിയ എട്ട് ലക്ഷം പേരെ ഉള്‍പ്പെടുത്തിയാണ് പുതിയ പട്ടിക നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ പട്ടിക പ്രകാരമുള്ള റേഷന്‍ വിതരണം മേയ് മാസം മുതല്‍ ആരംഭിക്കും. അതേസമയം പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതായുള്ള ആരോപണവും ശക്തമായിരിക്കുകയാണ്.


Also read പെണ്‍കുട്ടികള്‍ ഹോളി ആഘോഷിക്കേണ്ട; ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹോസ്റ്റലുകള്‍ 


മേയ് വരെ നിലവിലെ പട്ടിക പ്രകാരം തന്നെയാകും റേഷന്‍ വിതരണം നടക്കുക. കേന്ദ്ര നിര്‍ദേശ പ്രകാരം 1,54,80,040 പേരെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക. ഇതില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ് 21 ലക്ഷം പേരാണ് മലപ്പുറത്ത് നിന്ന് പട്ടികയില്‍ ഉള്‍പ്പെട്ടത്. നേരത്തെ ബി.പി.എല്‍ പട്ടിക പ്രകാരം ഒമ്പതു ലക്ഷം പേരാണ് മലപ്പുറത്ത് നിന്ന് ഉണ്ടായിരുന്നത് ഇതാണ് 21 ലക്ഷത്തിലേക്ക് ഉയര്‍ന്നത്.

നിലവിലെ പട്ടികയില്‍ നിന്ന് അനര്‍ഹര്‍ക്ക് പുറമേ അര്‍ഹരും പുറത്തായിട്ടുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ പരാതികള്‍ പരിശോധിച്ച് അര്‍ഹരാണെങ്കില്‍ വീണ്ടും ഉള്‍പ്പെടുത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. കരട് പട്ടികയിന്മേല്‍ ലഭിച്ച 16 ലക്ഷം പരാതികളില്‍ നിന്ന് പുന:പരിശോധന നടത്തിയാണ് എട്ടു ലക്ഷം പേരെ പുറത്താക്കിയത്.

പട്ടികയില്‍ വ്യാപകമായി അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ് മലപ്പുറത്തിന് പുറമേ പാലക്കാട്ടില്‍ നിന്നുള്ള പട്ടികയിലും കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബി.പി.എല്‍ പട്ടികയില്‍ ഉള്ളതിനേക്കാള്‍ ആറുലക്ഷം പേരാണ് ഇവിടെ ഉള്‍പ്പെട്ടിരിക്കുന്നത്.

ഗ്രാമസഭകളിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാനത്തെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം വന്നവരുട പേരുകള്‍ തല്‍ക്കാലം തടഞ്ഞുവെയ്ക്കാനാണ് തീരുമാനം. മൂന്നുമാസത്തിനുള്ളില്‍ ഇവരുടെ വാദം പൂര്‍ത്തിയായശേഷമേ ഇതില്‍ അന്തിമ തീരുമാനമുണ്ടാകു.

We use cookies to give you the best possible experience. Learn more