| Wednesday, 26th October 2016, 1:58 pm

റേഷന്‍കാര്‍ഡ് ഉടമകളുടെ പൂര്‍ണവിവരങ്ങള്‍ ചോര്‍ന്നു: സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ വന്‍ സുരക്ഷ വീഴ്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈ വെബ്‌സൈറ്റ് വഴി കേരളത്തിലെ എല്ലാ താലൂക്കിലെയും എല്ലാ റേഷന്‍കടകളിലെയും വിവരങ്ങള്‍ ലഭ്യമാണ്. പാസ്‌വേര്‍ഡോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും ഇല്ലാതെയാണ് ഈ വിവരങ്ങള്‍ലഭ്യമാക്കുന്നത്


കൊച്ചി: കേരള സിവില്‍ സപ്ലൈസ് വകുപ്പിനു കീഴില്‍ റേഷന്‍ കാര്‍ഡ് പരിശോധനയ്ക്കുവേണ്ടി നല്‍കിയ സംവിധാനത്തില്‍ വന്‍ സുരക്ഷാ പിഴവ്. സംസ്ഥാനത്തെ ഏതൊരാളുടെ റേഷന്‍ കാര്‍ഡിലെയും പൂര്‍ണമായ വിവരങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുള്ള രീതിയിലാണ് വെബ്‌സൈറ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.

www.civilsupplieskerala.gov.in  എന്ന വെബ്‌സൈറ്റ് വഴിയാണ് റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ വെബ്‌സൈറ്റ് വഴി കേരളത്തിലെ എല്ലാ താലൂക്കിലെയും എല്ലാ റേഷന്‍കടകളിലെയും വിവരങ്ങള്‍ ലഭ്യമാണ്. പാസ്‌വേര്‍ഡോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഒന്നും ഇല്ലാതെയാണ് ഈ വിവരങ്ങള്‍ലഭ്യമാക്കുന്നത്.

റേഷന്‍ കടയുടെ വിവരങ്ങളില്‍ ആ റേഷന്‍ കടയ്ക്കു കീഴിലുള്ള എല്ലാ കാര്‍ഡ് ഉടമകളുടെയും നമ്പര്‍ ലഭ്യമാണ്. റേഷന്‍ കാര്‍ഡ് നമ്പര്‍ എന്നെഴുതിയ കോളത്തില്‍ നമ്പര്‍ നല്‍കിയശേഷം captcha പൂരിപ്പിച്ചാല്‍ ആ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും.

വ്യക്തികളുടെ ജനന തിയ്യതി, ഗ്യാസ് കണക്ഷന്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഇലക്ട്രിസിറ്റി കണ്‍സ്യൂമര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളെല്ലാം തന്നെ ഏതൊരാള്‍ക്കും യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്ന തരത്തിലാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സിവില്‍ സപ്ലെയ്‌സ് വകുപ്പും സര്‍ക്കാറിന്റെ ഐ.ടി വിഭാഗവും ഇപ്പോഴും സുരക്ഷാ വീഴ്ച പരിഹരിക്കാനുള്ള ശ്രമം നടത്തിയിട്ടില്ല.

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 20നാണ് പുതിയ റേഷന്‍ കാര്‍ഡിലെ ലിസ്റ്റ് പുറത്തുവിട്ടത്. ഇപ്പോഴും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നത്.

കടപ്പാട്: നാസര്‍ കുന്നുമ്പുറത്ത് ഫേസ്ബുക്ക് പോസ്റ്റ്

We use cookies to give you the best possible experience. Learn more