| Wednesday, 10th February 2021, 5:40 pm

രഥത്തില്‍ യാത്ര നടത്താന്‍ നിങ്ങള്‍ ദൈവങ്ങളൊന്നുമല്ലല്ലോ?; ബി.ജെ.പിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിനെ വിഭജിച്ച് നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമത പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ രഥയാത്ര നടത്തുന്നതിനേയും മമത പരിഹസിച്ചു.

‘അവര്‍ ദൈവങ്ങളാണോ രഥത്തില്‍ യാത്ര ചെയ്യാന്‍? ബംഗാളിന് ചുറ്റും രഥയാത്ര നടത്തി വിഭാഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ് അവര്‍’, മമത പറഞ്ഞു.

തങ്ങളെ സംബന്ധിച്ചിടത്തോളം രഥമെന്നത് ഭഗവാന്‍ ജഗന്നാഥന്റെ വാഹനമാണെന്നും മാംസാഹാരങ്ങള്‍ കഴിച്ച് രഥത്തില്‍ യാത്ര ചെയ്യുന്നത് വഴി ബി.ജെ.പി നേതാക്കള്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.

ബംഗാളിനെ സുവര്‍ണ ബംഗാളാക്കാനല്ല, കലാപ ബംഗാളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.

നേരത്തെ ബി.ജെ.പിയുടെ രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. അനുമതിയ്ക്കായി പ്രാദേശിക ഭരണകൂടങ്ങളെ സമീപിക്കണമെന്നും മമത പറഞ്ഞിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി സംസ്ഥാനത്തുടനീളം രഥയാത്രയ്ക്ക് അനുമതി തേടി തിങ്കളാഴ്ചയാണ് ബി.ജെ.പി ബംഗാള്‍ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

294 മണ്ഡലങ്ങളെ കോര്‍ത്തിണക്കി കൊണ്ട് അഞ്ച് രഥയാത്രകള്‍ സംഘടിപ്പിക്കുമെന്നാണ് പറയുന്നത്. 20 മുതല്‍ 25 ദിവസം വരെ നീണ്ട് നില്‍ക്കുന്നതാണ് ഓരോ യാത്രയും.

നേരത്തെ നരേന്ദ്രമോദിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള മറുപടി ബംഗാളിലെ ജനങ്ങള്‍ ബാലറ്റ് പെട്ടിയിലൂടെ നല്‍കുമെന്ന് മമതാ പറഞ്ഞിരുന്നു. നോട്ടുനിരോധനം, ലോക്ക് ഡൗണ്‍ ദുരിതങ്ങള്‍ തുടങ്ങിയവ ജനങ്ങളുടെ മനസിലുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു.

ബംഗാളിലെ മുര്‍ഷിദാബാദില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

‘അവര്‍ (ബി.ജെ.പി) കര്‍ഷകരെ കൊള്ളയടിച്ച് ഭൂമി തട്ടിയെടുത്തു. നോട്ടുനിരോധനവും ലോക്ക് ഡൗണ്‍ നയങ്ങളും ജനങ്ങളെ ദുരിതത്തിലാക്കി’, മമത പറഞ്ഞു.

തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേക്കേറിയവരേയും മമത കടന്നാക്രമിച്ചു. ചതിയന്‍മാരെ ജനങ്ങള്‍ മറക്കില്ലെന്നും തക്ക മറുപടി നല്‍കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയത് മമതയ്ക്ക് തലവേദനായിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.

എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Raths are for Gods and Goddesses, not Politicians: Mamata Banerjee Mocks BJP’s Roadshow Politics

We use cookies to give you the best possible experience. Learn more