ന്യൂദല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രതിന്‍ റോയ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധി നേരിടുന്നുവെന്നും ബ്രസീല്‍, ദക്ഷിണാഫ്രിക തുടങ്ങിയ രാജ്യങ്ങള്‍ നേരിടുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് രാജ്യം നീങ്ങി കൊണ്ടിരിക്കുന്നതെന്നും രതിന്‍ റോയ് വ്യക്തമാക്കി.
അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. ചൈനയുടെ വളര്‍ച്ച നിരക്ക് കുറഞ്ഞതാണ് ഇന്ത്യക്ക് ആ പദവി ലഭിക്കാന്‍ കാരണം. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 5 മുതല്‍ 6 ശതമാനം നിരക്കില്‍ വളരും.
എന്നാല്‍, നിശ്ചിത പോയിന്റിലെത്തുമ്പോള്‍ വളര്‍ച്ച നിലക്കും. ഇത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. നിലവിലെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഉപദേശക കൗണ്‍സില്‍ അംഗവും നാഷണല്‍ പബ്ലിക് ഫിനാന്‍സ് ഡയറക്ടറുമായ രതിന്‍ റോയ പറഞ്ഞു.
കയറ്റുമതി അടിസ്ഥാനമാക്കി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നിര്‍ണ്ണയിച്ച് വരുന്നത് 1991ല്‍ നിറുത്തിയതിന് ശേഷം പൗരന്‍മാരുടെ ഉപഭോഗത്തിനെ ആശ്രയിച്ചാണ് സമ്പദ് വ്യവസ്ഥ മുന്നേറി കൊണ്ടിരുന്നത്. ഈ സാധ്യതയുടെ പരമാവധിയില്‍ രാജ്യം എത്തി. ഇനി അങ്ങോട്ട് മുരടിപ്പ് നേരിടേണ്ടി വരും. നമ്മള്‍ കരുതുന്നതിലും ആഴത്തിലുള്ളതാണ് പ്രതിസന്ധിയെന്നും എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ രതിന്‍ റോയ് പറയുന്നു.