ഇ.കെ നയനാരിനെപ്പോലെ തമാശ പറയാന്‍ പറ്റുന്ന ഒരാളെയായിരുന്നു എനിക്ക് ആ സിനിമയിലേക്ക് വേണ്ടിയിരുന്നത്: രതീഷ് ബാലകൃഷ്ണ പൊതുവാള്‍
Entertainment
ഇ.കെ നയനാരിനെപ്പോലെ തമാശ പറയാന്‍ പറ്റുന്ന ഒരാളെയായിരുന്നു എനിക്ക് ആ സിനിമയിലേക്ക് വേണ്ടിയിരുന്നത്: രതീഷ് ബാലകൃഷ്ണ പൊതുവാള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th May 2024, 7:22 pm

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രം മികച്ച അഭിപ്രായം നേടിയതിനോടൊപ്പം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനവും നടത്തി. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് കുഞ്ഞികൃഷ്ണന്‍ മാഷ് നേടി. രസികനായ ജഡ്ജായി ഗംഭീര പ്രകടനമായിരുന്നു കുഞ്ഞികൃഷ്ണന്‍ മാഷ് കാഴ്ച വെച്ചത്.

തിരക്കഥ എഴുതിയ സമയത്ത് തന്നെ ജഡ്ജിന്റെ കഥാപാത്രം മുന്‍ മുഖ്യമന്ത്രി ഇ.കെ നയനാരിനെപ്പോലെ ഒരെളെയായിരുന്നു തനിക്ക് ആവശ്യമെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രതീഷ് ഇക്കാര്യം പറഞ്ഞത്.

നയനാര്‍ ഏതെങ്കിലും ഒരു കോടതിയില്‍ ജഡ്ജായി ഇരുന്നാല്‍ എങ്ങനെയുണ്ടാകുമെന്ന ചിന്തയിലാണ് ആ കഥാപാത്രത്തെ ഉണ്ടാക്കിയതെന്നും ഒരുപാട് പേരെ ഓഡിഷന്‍ ചെയ്തിട്ടാണ് കുഞ്ഞികൃഷ്ണന്‍ മാഷിലേക്കെത്തിയതെന്നും രതീഷ് കൂട്ടിച്ചേര്‍ത്തു.

‘ന്നാ താന്‍ കേസ് കൊട് സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയ സമയത്ത് ആ ജഡ്ജിന്റെ കഥാപാത്രം ഉണ്ടാക്കിയെടുത്തപ്പോള്‍ എന്റെ മനസില്‍ വന്നത് മുന്‍ മുഖ്യമന്ത്രി ഇ.കെ നയനാരായിരുന്നു. അദ്ദേഹത്തിന്റെ ഹ്യൂമറിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ഞാന്‍ അപ്പോള്‍ മനസില്‍ വിചാരിച്ചത് നയനാര്‍ സാര്‍ ഒരു കോടതിയില്‍ ജഡ്ജായി വന്നാല്‍ എങ്ങനെയുണ്ടാകുമെന്നായിരുന്നു.

ഈ സ്‌ക്രിപ്റ്റ് ഞാന്‍ പലര്‍ക്കും വായിക്കാന്‍ കൊടുത്തപ്പോള്‍ അവരുംപറഞ്ഞത് നയനാര്‍ സാര്‍ പറയുന്നതു പോലെയുണ്ടെന്നായിരുന്നു. പിന്നീട് നയനാര്‍ സാറിന്റെ രൂപ സാദൃശ്യമുള്ള ഒരാളെ കണ്ടുപിടിക്കാനായിരുന്നു പ്രയാസം. ഒരുപാട് പേരെ ഓഡിഷന്‍ ചെയ്തതിന് ശേഷമായിരുന്നു കുഞ്ഞികൃഷ്ണന്‍ മാഷിലേക്കെത്തിയത്,’ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു.

Content Highlight: Ratheesh Balakrishnan Poduval saying that E K Nayanar was the example for Judge character in Nna Than Case Kodu movie