കള്ളന്മാരായാല്‍ കറുത്തിരിക്കണം എന്നാണല്ലോ നമ്മുടെ പൊതുധാരണ, അതുകൊണ്ടാണ് ചാക്കോച്ചനെ അങ്ങനെ അവതരിപ്പിച്ചത്: രതീഷ് ബാലകൃഷ്ണ പൊതുവാള്‍
Entertainment
കള്ളന്മാരായാല്‍ കറുത്തിരിക്കണം എന്നാണല്ലോ നമ്മുടെ പൊതുധാരണ, അതുകൊണ്ടാണ് ചാക്കോച്ചനെ അങ്ങനെ അവതരിപ്പിച്ചത്: രതീഷ് ബാലകൃഷ്ണ പൊതുവാള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th May 2024, 3:14 pm

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശവും കുഞ്ചാക്കോ ബോബന് ലഭിച്ചു. കൊഴുമ്മല്‍ രാജീവനെന്ന കള്ളനായാണ് താരം അഭിനയിച്ചത്.

അതുവരെ കണ്ടുശീലിച്ചതില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം ഈ ചിത്രത്തില്‍ അഭിനയിച്ചത്. കള്ളന്മാരായാല്‍ കറുത്തിരിക്കണമെന്ന പൊതുധാരണ ഉളളതുകൊണ്ടാണ് കുഞ്ചാക്കോ ബോബനെ ആ ഗെറ്റപ്പില്‍ അഭിനയിപ്പിച്ചതെന്ന് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മന്ത്രിമാരും എം.എല്‍.എമാരും പോലുള്ള വെളുത്ത കള്ളന്മാരും സിനിമയിലുണ്ടെന്നും രതീഷ് കൂട്ടിച്ചേര്‍ത്തു.

‘കള്ളന്മാരെന്ന് വെച്ചാല്‍ കറുത്തിരിക്കുന്നവരാണെന്നാണല്ലോ നമ്മുടെ സമൂഹത്തിന്റെ പൊതുവായിട്ടുള്ള ധാരണ. ആ ധാരണയുടെ പുറത്താണ് ചാക്കോച്ചനെ അങ്ങനെ അവതരിപ്പിച്ചത്. അല്ലാതെ വേറെ കാരണങ്ങളൊന്നുമില്ല. മന്ത്രിമാരും, എം.എല്‍.എമാരും എന്നിങ്ങനെ വെളുത്ത കള്ളന്മാരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണല്ലോ, അതും നമ്മള്‍ ശ്രദ്ധിക്കണം,’ രതീഷ് പറഞ്ഞു.

ന്നാ താന്‍ കേസ് കൊട് സിനിമയുടെ സ്പിന്‍ ഓഫായ സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയാണ് രതീഷിന്റെ പുതിയ ചിത്രം. രാജേഷ് മാധവനാണ് ചിത്രത്തിലെ നായകന്‍. കുഞ്ചാക്കോ ബോബന്‍ കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രമായി സിനിമയില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Ratheesh Balakrishna Poduval explains why he give dark skin tone for Kunchako Boban in Nna Than Case kodu