മമ്മൂട്ടിയേയും പാര്‍വതിയേയും പോലെയുള്ള അഭിനോതാക്കള്‍ വളരെ അപൂര്‍വമാണ്, അവരെ ശരിക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് എന്റെ ഉത്തരവാദിത്തം: റത്തീന
Film News
മമ്മൂട്ടിയേയും പാര്‍വതിയേയും പോലെയുള്ള അഭിനോതാക്കള്‍ വളരെ അപൂര്‍വമാണ്, അവരെ ശരിക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് എന്റെ ഉത്തരവാദിത്തം: റത്തീന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th May 2022, 6:35 pm

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റത്തീന സംവിധാനം ചെയ്യുന്ന ‘പുഴു’ എന്ന ചിത്രം. മമ്മൂട്ടിയും പാര്‍വതി തിരുവോത്തുമാണ് സിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നത്.

മമ്മൂക്കയുടെയും പാര്‍വതിയുടെയും അഭിനയത്തിലുള്ള എക്സ്പീരിയന്‍സിനെ കുറിച്ച് പറയുകയാണ് റത്തീന. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

”മമ്മൂക്കയ്ക്കും പാര്‍വതിയ്ക്കും ഒരുപാട് കാലത്തെ എക്സ്പീരിയന്‍സുണ്ട്. മാത്രമല്ല, നമ്മള്‍ അവരോട് ഒരു വിഷയം പറയുമ്പോള്‍ അല്ലെങ്കില്‍ അവര്‍ സ്‌ക്രിപ്റ്റ് വായിച്ച് കഴിഞ്ഞ് നമ്മള്‍ അവര്‍ക്ക് വിശദീകരിക്കുമ്പോള്‍ അവര്‍ ഇത് എങ്ങനെ അവതരിപ്പിക്കണം എന്ന് അവര്‍ക്ക് ധാരണയുണ്ട്. ഇങ്ങനെയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നത് എന്ന് അവര്‍ പറയുമ്പോള്‍ നമുക്ക് എന്തെങ്കിലും മാറ്റം കൊണ്ട് വരണമെങ്കിലും അവരോട് അത് പറയാം.

മാറ്റം വരുത്തേണ്ട സ്ഥലം പറഞ്ഞ് കൊടുത്താല്‍ നമുക്ക് അത് പോലെ കറക്ട് മീറ്ററില്‍ അവര്‍ ചെയ്ത് തരും. അത് പോലെയുള്ള അഭിനോതാക്കള്‍ വളരെ അപൂര്‍വമാണ്. അത് പോലുള്ള ലെജന്റായിട്ടുള്ള അഭിനേതാക്കളെ കിട്ടിയിട്ട് അവരെ ശരിക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് എന്റെ ഉത്തരവാദിത്തം. അവരെപ്പോലെയുള്ള മികച്ച ആക്ടേഴ്സിനെ കിട്ടിയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്,” റത്തീന പറഞ്ഞു.

May be an image of 2 people and text

‘ഞാനും തിരക്കഥാകൃത്ത് ഹര്‍ഷാദിക്കയും ചില സമയത്ത് മമ്മൂക്കയുടെ അഭിനയം കണ്ട് ഞെട്ടി പോകാറുണ്ട്. കാരണം, നമ്മള്‍ വിചാരിച്ചതിന്റെയും ആഴത്തിലുള്ള സാധനങ്ങളായിരുക്കും മമ്മൂക്ക തരുന്നത്. അത് ആ ആളുടെ പെരുമാറ്റം മുതല്‍ അദ്ദേഹം വണ്ടിയില്‍ നിന്നിറങ്ങുന്ന രീതി തൊട്ട് ഇരിക്കുന്ന രീതി വരെ മികച്ചതാണ്.

മമ്മൂക്ക അഭിനയിക്കുമ്പോള്‍ ചില സമയത്തൊക്കെ ഞാന്‍ കട്ട് പറയാറില്ല. ആ സീന്‍ അങ്ങനെ കുറച്ച് നീണ്ട് പോകും. കാരണം ഇപ്പോള്‍ അസാധാരണമായ എന്തെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലാണത്. കട്ട് പറയാത്തത് കണ്ടാല്‍ മമ്മൂക്ക എന്നെ നോക്കും. ഉടനെ ഞാന്‍ അയ്യോ കട്ട് എന്ന് പറയും. കട്ട് പറയുന്ന കൂട്ടത്തില്‍ എന്റെ അയ്യോ എന്ന് കൂടി കേള്‍ക്കാം,” റത്തീന കൂട്ടിച്ചേര്‍ത്തു.

സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജാണ് പുഴു നിര്‍മ്മിക്കുന്നത്. ദുല്‍ഖറിന്റെ വേഫെയറര്‍ ഫിലിംസ് ആണ് സഹനിര്‍മ്മാണവും വിതരണവും ചെയ്തത്. ഷറഫ്, സുഹാസ്, ഹര്‍ഷാദ് എന്നിവന്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. വസ്ത്രാലങ്കാരം സമീറാ സനീഷ്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍, കുഞ്ചന്‍, കോട്ടയം രമേഷ്, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മെയ് 13നാണ് പുഴു സോണി ലിവിലൂടെ റിലീസ് ചെയ്യുന്നത്.

Content Highlight: ratheena says that Actors like Mammootty and Parvathi are very rare