| Thursday, 12th May 2022, 9:40 am

പുതുമുഖ സംവിധായകര്‍ക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ പറ്റുന്ന വ്യക്തിയാണ് മമ്മൂക്ക, അങ്ങനെയുള്ള ആളിന്റെ അടുത്തേക്കേ പോകാന്‍ നോക്കൂ: റത്തീന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ‘പുഴു’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ് റത്തീന. സിനിമ മേഖലയിലെ അണിയറപ്രവര്‍ത്തകയായി റത്തീന മുമ്പ് തന്നെ പ്രവര്‍ത്തിച്ചിരുന്നു. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഒരു വനിതാ സംവിധായികയുടെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് പുഴു.

മമ്മൂട്ടിയെ പുഴുവിലേക്ക് കാസ്റ്റ് ചെയ്തതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ് റത്തീന. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഈ കാര്യം പറഞ്ഞത്.

”ഒരു പുരുഷ കഥാപാത്രവും മമ്മൂക്കയുടെ ഒരു പ്രായമൊക്കെയുള്ള ഒരാളെ ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും മമ്മൂക്കയുടെ മുഖമാണ് എന്റെ മനസ്സിലേക്ക് വരുന്നത്. അതിന് ഒരു കാരണം എം.ടി വാസുദേവന്‍ സാറാണ്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ എഴുതാറുണ്ടായിരുന്നു. ഒരിക്കല്‍ എനിക്ക് അതിന് സമ്മാനം കിട്ടി. അത് വഴി തൃശൂരിലെ കോസ്മോ ബുക്ക്സിന്റെ മത്സരത്തിന് പോകാന്‍ അവസരം കിട്ടി. അവിടെ വെച്ച് എനിക്ക് എം.ടി സാറുമായി ഒരു ബന്ധം കിട്ടി.

എന്ത് കൊണ്ടാണ് എപ്പോഴും മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യുന്നത് എന്ന് ഞാന്‍ എപ്പോഴും അദ്ദേഹത്തിനോട് ചോദിക്കാറുണ്ടായിരുന്നു. അപ്പോള്‍ എന്തെങ്കിലും ഉത്തരങ്ങള്‍ തരും, ചിലപ്പോള്‍ മിണ്ടാതിരുന്ന് ഒരു മറുപടിയും സാര്‍ തരില്ല. അത് എന്നെ ഭയങ്കരമായി സ്വാധീനിച്ചിട്ടുള്ളത് കൊണ്ടാവണം മമ്മൂക്കയെ തെരഞ്ഞെടുത്തത്,” റത്തീന പറഞ്ഞു.

”അതിലുപരി ഞാന്‍ ഭയങ്കര മമ്മൂക്ക ഫാനാണ്. ചെറുപ്പം മുതല്‍ തന്നെ ഞാന്‍ മമ്മൂക്ക ഫാനാണ്. ഞാന്‍ എന്ത് ടൈപ്പ് കഥ ആലോചിക്കുമ്പോഴും അതില്‍ മമ്മൂക്കയുമുണ്ടാകും.

എനിക്ക് എളുപ്പത്തില്‍ സമീപിക്കാന്‍ പറ്റുന്ന വ്യക്തിയാണ് മമ്മൂക്ക. അത് കൊണ്ടായിരിക്കും മമ്മൂക്കയ്ക്ക് ഇത്രയും പുതുമുഖ സംവിധായകരുള്ളത്. മമ്മൂക്കയുടെ അടുത്ത് നമുക്ക് ഒരു കഥ പറയാനുണ്ട് പറഞ്ഞാല്‍ അത് നടക്കും എന്നാണ് എനിക്ക് തോന്നുന്നത്. ഈ കാര്യം പലരും പറഞ്ഞതായും ഞാന്‍ കേട്ടിട്ടുണ്ട്.

എല്ലാവര്‍ക്കും സമീപിക്കാന്‍ പറ്റിയ വ്യക്തിയാണ് ആ മനുഷ്യന്‍. അത് കൊണ്ട് ആ ആക്ടറിന്റെ അടുത്തായിരിക്കുമല്ലോ സ്വാഭാവികമായും നമ്മള്‍ പോകാന്‍ ശ്രമിക്കുന്നത്. ഇതും അദ്ദേഹത്തെ തെരഞ്ഞെടുക്കാനുള്ള ഒരു പ്രധാന കാരണമാണ്. മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണം എന്ന് വര്‍ഷങ്ങളായി എന്റെ ഉപബോധ മനസ്സിലുണ്ടായിരുന്നു. ഈ കാരണങ്ങളെല്ലാം കൂടി ചേര്‍പ്പോള്‍ എനിക്ക് വേറെ ഹീറോയില്ല,” റത്തീന കൂട്ടിച്ചേര്‍ത്തു.

സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്.ജോര്‍ജാണ് പുഴു നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസ് ആണ് പുഴുവിന്റെ സഹനിര്‍മാണവും വിതരണവും ചെയ്യുന്നത്. ഷറഫ്, സുഹാസ്, ഹര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ദീപു ജോസഫാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ജേക്സ് ബിജോയ്. വസ്ത്രാലങ്കാരം സമീറാ സനീഷ്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മമ്മൂട്ടി, പാര്‍വതി എന്നിവരെ കൂടാതെ നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മേനോന്‍, കുഞ്ചന്‍, കോട്ടയം രമേഷ്, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സോണി ലിവിലൂടെ മെയ് 13ന് ‘പുഴു’ റിലീസ് ചെയ്യും.

Content Highlight: ratheena says Mammootty is a person who can be easily approached by new directors

Latest Stories

We use cookies to give you the best possible experience. Learn more